കടലാക്രമണത്തെ തുടര്‍ന്ന് സൌത്ത് ബീച്ചില്‍ തകര്‍ന്ന വീടുകളിലെ കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു

കോഴിക്കോട് > രൂക്ഷമായ കടലാക്രമണത്തെ തുടര്‍ന്ന് സൌത്ത് ബീച്ചില്‍ തകര്‍ന്ന വീടുകളിലെ കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. പരപ്പില്‍ എംഎം സ്കൂളിലേക്കാണ് കുട്ടികള്‍ ഉള്‍പ്പെടെ എഴുപതോളം പേരെ മാറ്റിപ്പാര്‍പ്പിച്ചത്. ശക്തമായ മഴയെ തുടര്‍ന്ന് തിങ്കളാഴ്ചയും കടലാക്രമണമുണ്ടായി.
സൌത്ത് ബീച്ചില്‍ കഴിഞ്ഞ രണ്ടു ദിവസമായി കടലാക്രമണം രൂക്ഷമാണ്. വീടുകള്‍ തകര്‍ന്നവര്‍ ബന്ധുവീടുകളിലും മറ്റുമായിരുന്നു ആദ്യദിവസം താമസിച്ചത്. 12 വീടുകളാണ് കഴിഞ്ഞ ദിവസം ഭാഗികമായി തകര്‍ന്നത്. ബാത്ത് റൂമുകള്‍ ഉള്‍പ്പെടെ തകര്‍ന്നിരുന്നു. തിരമാല കരയിലേക്കു കയറി റോഡ് വരെ വെള്ളമെത്തിയിരുന്നു.

35 വര്‍ഷത്തിനിടയില്‍ പ്രദേശത്തുണ്ടായ ശക്തമായ കടലാക്രമണമാണിതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലയില്‍ ഭീതിയോടെയാണ് ജനങ്ങള്‍ കഴിയുന്നത്.

