കഞ്ചാവ് പൊതികളുമായി രണ്ട് യുവാക്കളെ എക്‌സൈസ് സംഘം പിടികൂടി

കോഴിക്കോട്: കഞ്ചാവുമായി രണ്ട് യുവാക്കള്‍ എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സംഘത്തിന്റെ പിടിയിലായി. അരയിടത്തുപാലം – മീഞ്ചന്ത ബൈപ്പാസ് റോഡിന് സമീപം 20 ഗ്രാം കഞ്ചാവ് പൊതികളുമായി തിരുത്തിയാട് തറമ്മല്‍ വീട്ടില്‍ നിഖില്‍ (23), അരയിടത്തുപാലം കണ്ണങ്കണ്ടിക്ക് സമീപം 25 ഗ്രാം കഞ്ചാവുമായി തിരുത്തിയാട് പൊന്‍മിളിപറമ്പ് വീട്ടില്‍ പ്രശീഷ് (24) എന്നിവരാണ് അറസ്റ്റിലായത്.
കഞ്ചാവിന്റെ ആവശ്യക്കാരെന്ന വ്യാജേന പ്രതികളെ സമീപിച്ച് തന്ത്രപരമായാണ് എക്‌സൈസുകാര്‍ ഇവരെ പിടികൂടിയത്. കഞ്ചാവ് കോയമ്പത്തൂരില്‍ നിന്നു ട്രെയിന്‍ മാര്‍ഗം കോഴിക്കോട്ടെത്തിച്ച് ചെറിയ പാക്കറ്റുകളിലാക്കി ചില്ലറ വില്‍പ്പന നടത്തുകയാണ് ചെയ്യുന്നത്. ഇന്‍സ്‌പെക്ടര്‍ ജി. ഹരികൃഷ്ണപ്പിള്ളയുടെ നേതൃത്വത്തില്‍ ഇന്‍സ്‌പെക്ടര്‍ പി.മുരളീധരന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സി. രാമകൃഷ്ണന്‍, ധനീഷ് കുമാര്‍, ബിജുമോന്‍, യോഗേഷ് ചന്ദ്ര, പി.കെ. അനില്‍കുമാര്‍, റഷീദ്, എന്‍. രാജു, ഒ.ടി. മനോജ് എന്നിവര്‍ പങ്കെടുത്തു.

