KOYILANDY DIARY.COM

The Perfect News Portal

ഓവുചാലില്‍ വീണു കാണാതായ സന ഫാത്തിമയെ കണ്ടെത്താന്‍ ഇന്ന് ദുരന്തനിവാരണ സേനയിറങ്ങും

രാജപുരം: പാണത്തൂരില്‍ ഓവുചാലില്‍ വീണു കാണാതായതെന്ന് സംശയിക്കുന്ന നാലുവയസ്സുള്ള സന ഫാത്തിമയെ കണ്ടെത്താന്‍ ഇന്ന് സംസ്ഥാന ദുരന്തനിവാരണ സേനയിലെ വിദഗ്ധരെത്തുമെന്നു ജില്ലാ കലക്ടര്‍ കെ ജീവന്‍ബാബു പറഞ്ഞു. രാവിലെ പാണത്തൂരിലെത്തുന്ന സംഘം കുട്ടി ഒഴുകിപ്പോയി എന്നു പറയുന്ന ബാപ്പുങ്കയം പുഴയില്‍ പരിശോധന നടത്തും.

വെള്ളത്തിലിറക്കാവുന്ന പ്രത്യേകതരം സ്കൂബ് ക്യാമറ ഉപയോഗിച്ചാണ് തിരയുക. നൂറു മീറ്റര്‍ ദൂരത്തിലുള്ള വസ്തുക്കള്‍ പതിയുന്ന ക്യാമറയാണ് ഇതിനായി ഉപയോഗിക്കുന്നത്. പുഴയില്‍ മൂന്നു ദിവസം അഗ്നിശമന സേനയും രണ്ടു ദിവസം നീലേശ്വരം തീരരക്ഷാ സേനയും തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇതോടെയാണ് സംസ്ഥാന ദുരന്തനിവാരണ സേനയിലെ വിദഗ്ധരുടെ സേവനം ആവശ്യപ്പെട്ടത്.

കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് നാലുമണിയോടെയാണ് പാണത്തൂര്‍ ബാപ്പുങ്കയത്തെ വീട്ടുമുറ്റത്തുനിന്നു സന ഫാത്തിമയെ കാണാതാകുന്നത്. പാണത്തൂര്‍ ബാപ്പുങ്കയത്തെ ഓട്ടോഡ്രെെവര്‍ ഇബ്രാഹിമിന്റെയും ഹസീനയുടെയും മകളാണ് . അങ്കണവാടി വിട്ട് വീട്ടിലെത്തിയ കുട്ടി മുറ്റത്ത് കളിക്കാനിറങ്ങി പത്ത് മിനിറ്റിനകമാണ് കാണാതായത്.

Advertisements

ശക്തമായ മഴയില്‍ മുറ്റത്തെ ഓവുചാലില്‍ നിറയെ വെള്ളമായിരുന്നു. കുട്ടിയുടെ കുടയും ചെരിപ്പും ഓവുചാലിനു സമീപത്തുനിന്നു കണ്ടതിനാലാണ് കുട്ടി ഓവുചാലില്‍ വീണ് ഒഴുകിപ്പോയതായിരിക്കാമെന്ന് കരുതുന്നത്. ഓവുചാല്‍ പൊളിച്ച്‌ കഴിഞ്ഞ ദിവസം തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

അതേസമയം സംഭവദിവസം പ്രദേശത്ത് നാടോടികളെ കണ്ടതായി നാട്ടുകാര്‍ പറഞ്ഞതനുസരിച്ച്‌ സംസ്ഥാനത്തും പുറത്തും ഉള്ള എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും വിവരം നല്‍കിയിരുന്നു. സന ഫാത്തിമയുടെ വീടിന് ചുറ്റുപാടുമുള്ള വീടുകളിലും പൊലീസ് പരിശോധന തുടരുകയാണ്. പി കരുണാകരന്‍ എംപി ഇന്നലെ സന ഫാത്തിമയുടെ വീട്ടിലെത്തി സര്‍ക്കാരിന്റെ എല്ലാ സഹായവും വാഗ്ദാനം ചെയ്തു.

Share news

Leave a Reply

Your email address will not be published. Required fields are marked *