ഓട്ടോ ഡ്രൈവറെ വെട്ടിക്കൊന്നു

കൊല്ലം: അര്‍ദ്ധരാത്രി നഗരമദ്ധ്യത്തില്‍ ഓട്ടോ ഡ്രൈവറായ യുവാവിനെ വെട്ടിയും കുത്തിയും കൊലപ്പെടുത്തി. കൊല്ലം ജോനകപ്പുറം ചന്ദനയഴികത്ത് പുരയിടത്തില്‍ സിയാദാണ് (32) കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി 12ഓടെ ഒരു സംഘം ആളുകള്‍ ചിന്നക്കട മഹാറാണി മാര്‍ക്കറ്റില്‍ വച്ചാണ് വെട്ടി കൊലപ്പെടുത്തിയത്. കുടംബിനിയായ ഒരു സ്ത്രീയുമായി സിയാദിനുണ്ടായിരുന്ന വിവാഹേതര ബന്ധമാണ് കൊലയ്ക്ക് കാരണമെന്ന് പൊലീസ് സംശയിക്കുന്നു. സംഭവത്തെ കുറിച്ച് കൊല്ലം ഈസ്റ്റ് പൊലീസ് പറയുന്നത്:
കൊല്ലം മഹാറാണി മാര്‍ക്കറ്റിനകത്തേക്ക് അര്‍ദ്ധരാത്രി ഒരു ഓട്ടോറിക്ഷ അതിവേഗം ഓടിക്കയറുന്നതിനിടയില്‍ നിയന്ത്രണം വിട്ട് മറിഞ്ഞു. സമീപത്തെ ക്ഷേത്രത്തിന് സമീപം പൂക്കടയിലുണ്ടായിരുന്ന രണ്ട് യുവാക്കള്‍ വാഹനത്തിന് സമീപമെത്തിയപ്പോള്‍ ഒരു ബൈക്കില്‍ രണ്ടുപേര്‍ സമീപത്ത് നിന്ന് കടന്നുകളഞ്ഞു. ഓട്ടോയ്ക്ക് പുറത്ത് സിയാദിനെ ചോര വാര്‍ന്ന നിലയില്‍ കണ്ട യുവാക്കള്‍ സമീപത്തെ കണ്‍ട്രോള്‍ റൂം പൊലീസ് ഔട്ട് പോസ്റ്റില്‍ വിവരം അറിയിച്ചു. പൊലീസെത്തി ജില്ലാ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.

മറിഞ്ഞ ഓട്ടോയ്ക്ക് സമീപത്ത് നിന്ന് ഒരു ഹോക്കി സ്റ്റിക്കും മൊബൈലും പേഴ്സും പൊലീസ് കണ്ടെടുത്തു. ചിന്നക്കട ഉഷ തിയേറ്റര്‍ ജംഗ്ഷനില്‍ വച്ച് സിയാദിനെ ആക്രമിച്ചതിന്റെ തുടര്‍ച്ചയാണ് ഒരു കിലോമീറ്റര്‍ അകലെയുള്ള മഹാറാണി മാര്‍ക്കറ്റില്‍ നടന്നതെന്ന് പൊലീസ് പറയുന്നു. ചിന്നക്കടയിലെ ഓട്ടോ സ്റ്റാന്‍ഡില്‍ രക്തം കട്ട പിടിച്ച് കിടപ്പുണ്ട്. അവിടെ ആക്രമിക്കപ്പെട്ടപ്പോള്‍ പ്രാണരക്ഷാര്‍ത്ഥം മഹാറാണി മാര്‍ക്കറ്റ് ഭാഗത്തേക്ക് വാഹനം ഓടിച്ചു വന്നപ്പോള്‍ നിയന്ത്രണം വിട്ട് ഓട്ടോ മറിഞ്ഞു. വീണ്ടും ആക്രമിച്ച് സിയാദ് മരിച്ചെന്ന് ഉറപ്പുവരുത്തി സംഘം പിന്‍ വാങ്ങുകയായിരുന്നു. കഴുത്തിന്റെ പിന്‍ഭാഗത്ത് കുത്തും വെട്ടുമേറ്റതിനെ തുടര്‍ന്നാണ് രക്തം വാര്‍ന്നത്. ഹോക്കി സ്റ്റിക്ക് കൊണ്ടുള്ള അടിയേറ്റ് വാരിയെല്ലുകളും തകര്‍ന്നിട്ടുണ്ട്.

അവിവാഹിതനായ സിയാദിന് പള്ളിത്തോട്ടം സ്വദേശിയായ പ്രവാസിയുടെ ഭാര്യയുമായി അടുപ്പമുണ്ടായിരുന്നു. പ്രശ്നങ്ങളെ തുടര്‍ന്ന് സ്ത്രീയും ഭര്‍ത്താവും ഇരവിപുരം ചകിരിക്കടയിലേക്ക് താമസം മാറി. ഇതിനിടെ സിയാദിനൊപ്പം വീട്ടമ്മ രണ്ടഴ്ചയോളം ഒന്നിച്ച് താമസിച്ചു. തുടര്‍ന്ന് ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് സ്ത്രീയെ തിരികെ കൊണ്ടുവന്നു. കൗണ്‍സലിംഗിന് വിധേയമാക്കിയ ശേഷവും ഇവരുടെ ബന്ധം വളര്‍ന്നതിനെ തുടര്‍ന്ന് ബന്ധുക്കളും ഇവര്‍ ഏര്‍പ്പാടാക്കിയ ക്വട്ടേഷന്‍ സംഘവും ചേര്‍ന്ന് സിയാദിനെ കൊലപ്പെടുത്തിയെന്നാണ് പൊലീസിന്റെ നിഗമനം. സ്ത്രീയുടെ മാതൃസഹോദരന്‍ ഉള്‍പ്പെടെ പത്തുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. നഗരത്തിലെ ഐ.എന്‍.ടി.യു.സി ഓട്ടോ ഡ്രൈവേഴ്സ് യൂണിയനില്‍ അംഗമായിരുന്നു സിയാദ്.

ബീച്ച് റോഡില്‍ നിന്ന് ഇന്നലെ ചിന്നക്കട ഭാഗത്തേക്ക് വരികയായിരുന്ന സിയാദിന്റെ ഓട്ടോയെ ആഡംബര ബൈക്കില്‍ രണ്ടു പേര്‍ പിന്തുടരുന്നതിന്റെ ദൃശ്യങ്ങള്‍ നഗരത്തിലെ സുരക്ഷാ കാമറകളില്‍ നിന്ന് പൊലീസിന് ലഭിച്ചിട്ടുണ്ട്. ഈ ബൈക്ക് തന്നെയാണ് മഹാറാണി മാര്‍ക്കറ്റില്‍ സിയാദിന്റെ ഓട്ടോയ്ക്ക് സമീപത്ത് നിന്ന് പോയതെന്നും സ്ഥിരീകരിച്ചു. ചിന്നക്കടയിലെ ആക്രമണത്തില്‍ ബൈക്കിലെത്തിയ രണ്ടുപേരെ കൂടാതെ മറ്റൊരു സംഘവും പങ്കെടുത്തതെന്നാ
ണ് സൂചന. സ്ത്രീ വിഷയത്തില്‍ ഒരുമാസത്തിനുള്ളില്‍ നഗരത്തില്‍ നടക്കുന്ന രണ്ടാമത്തെ കൊലയാണിത്. ജയിലിലായ ഗുണ്ടാത്തലവന്റെ ഭാര്യയെ ഒപ്പം താമസിപ്പിച്ചതിന് യുവാവിനെ ആഗസ്റ്റ് 15 നാണ് തട്ടിക്കൊണ്ടു പോയി കൊന്ന് തമിഴ്നാട്ടില്‍ കുഴിച്ചുമൂടിയത്.
