ഓടിക്കൊണ്ടിരിക്കുന്ന സ്‌കൂൾ ബസ്സിന്റെ ടയർ ഊരി വൻ അപകടം ഒഴിവായി

കൊയിലാണ്ടി: ഗവ: ഗേൾസ് ഹയർസെക്കണ്ടറി സ്‌കൂൾ ബസ്സിന്റെ ടയറാണ് ഓടിക്കൊണ്ടിരിക്കെ ഊരിതെറിക്കുന്ന നിലയിൽ കാണപ്പെട്ടത്. ഉടൻതന്നെ നാട്ടുകാർ തടഞ്ഞുനിർത്തിയത് കാരണം വൻ അപകടം ഒഴിവായി. ഇന്ന് വൈകീട്ട് 4.30ഓടെ നടേരിയിൽ വെച്ചായിരുന്നു സംഭവം.
സ്‌കൂൾ വിട്ടതിന് ശേഷം 42 വിദ്യാർത്ഥികളെയുമായി നടേരി മരുതൂർ ഭാഗത്തേക്ക് പോകുംവഴിയാണ് ബസ്സിന്റെ ടയർ ഊരിയ നിലയിൽ നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുന്നത്. ഉടൻതന്നെ നാട്ടുകാർ ബഹളംവെച്ച് ബസ്സ് തടഞ്ഞു നിർത്തിക്കുകയായിരുന്നു. ബസ്സിന്റെ ഇടതുഭാഗത്തെ പിറകിലുള്ള ടയർ ഊരി വീഴാറായ നിലയിലായിരുന്നു കാണപ്പെട്ടത്. നാട്ടുകാർ വിവരമറിയിച്ചതിന്റെ ഭാഗമായി കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി.
അതിനിടെ സ്‌കൂളിന്റെ ഹെഡ്മാസ്റ്റർ സ്ഥലത്തെത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. അല്ലാതെ മറ്റ് നടപടികളിലേക്ക് കടക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞ് ബസ്സ് തടഞ്ഞുവെച്ചു. KL02/S3542 നമ്പർ അൽക്കലീജ് എന്ന സ്വകാര്യ ബസ്സ് സ്‌കൂൾ അധികൃതർ വാടകക്കെടുത്ത് ഓട്ടുകയായിരുന്നു. സംഭവത്തിൽ ബസ്സ് ഉടമസ്ഥനെയും ഡ്രൈവറെയും രേഖകളുമായി പോലീസ് സ്റ്റേഷനിൽ ഹാജരാവാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
