KOYILANDY DIARY.COM

The Perfect News Portal

ഓഖി ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പത്തുലക്ഷം വീതം ധനസഹായം

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ ദുരന്തത്തില്‍ കടലില്‍ കാണാതായവരില്‍ 400 ഓളം പേരെ രക്ഷപെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. എത്രപേരെ കാണാതായിട്ടുണ്ട് എന്നത് സംബന്ധിച്ചുള്ള കണക്കെടുപ്പ് പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പത്തുലക്ഷം വീതവും പരുക്കേറ്റവര്‍ക്ക് 20,000 രൂപവീതവും ധനസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. മത്സ്യബന്ധനവകുപ്പ് നല്‍കുന്ന ധനസഹായത്തിന് പുറമെയാണിത്.

നാവികസേനയും വ്യോമസേനയും തീരസംരക്ഷണസേനയും ഇതുവരെ അഭിനന്ദനാര്‍ഹമായ രക്ഷാപ്രവര്‍ത്തനങ്ങളാണ് നടത്തിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഓഖി ചുഴലിക്കാറ്റ് സൃഷ്ടിച്ചിരിക്കുന്ന നാശനഷ്ടങ്ങളെ സര്‍ക്കാര്‍ ദുരന്തമായിത്തന്നെയാണ് കാണുന്നതെന്നും അതിനനുസരിച്ചുള്ള നടപടികള്‍ കൈക്കൊള്ളുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പരുക്കേറ്റ് ആശുപത്രികളില്‍ കഴിയുന്നവര്‍ക്ക് സൗജന്യചികിത്സ ലഭ്യമാക്കും. 30 ക്യാമ്പുകളിലായി കഴിയുന്ന 529 കുടുംബങ്ങള്‍ക്ക് മരുന്നും ഭക്ഷണവും ലഭ്യമാക്കും. തീരദേശ മേഖലകളില്‍ ആരോഗ്യവകുപ്പ് പ്രവര്‍ത്തനം ഊര്‍ജിതമാക്കിയിട്ടുണ്ട്.

Advertisements

ബോട്ട് നഷ്ടപ്പെട്ടവര്‍ക്ക് ന്യായമായ നഷ്ടപരിഹാരം നല്‍കും. സാധാരണ ഇത്തരം ദുരന്തങ്ങള്‍ക്ക് നല്‍കുന്ന നഷ്ടപരിഹാരത്തുക ചെറുതാണെന്ന് മത്സ്യതൊഴിലാളികള്‍ക്ക് പരാതിയുണ്ട്. അതിനാല്‍ അതുകൂടി കണക്കിലെടുത്ത് ന്യായമായ നഷ്ടപരിഹാരം നല്‍കും.

ഇത്തരം ദുരന്തങ്ങളെ കുറിച്ചുള്ള മുന്നറിയിപ്പ് മത്സ്യതൊഴിലാളികളില്‍ എത്തിക്കുന്നതിന് നിലവില്‍ സംവിധാനങ്ങള്‍ അപര്യാപ്തമാണ്. ഇതിന് ഭാവിയില്‍ പരിഹാരം കാണും. കൃത്യമായ മുന്നറിയിപ്പ് മത്സ്യതൊളിലാളികള്‍ക്ക് വ്യക്തിപരമായി നല്‍കുന്നതിന് സംവിധാനങ്ങള്‍ ഒരുക്കും.

പ്രകൃതിക്ഷോഭങ്ങളില്‍ മരിക്കുന്നവര്‍ക്ക് സാധാരണഗതിയില്‍ നാല് ലക്ഷംരൂപയാണ് ധനസഹായം നല്‍കുന്നത്. എന്നാല്‍ ഇത് സര്‍ക്കാര്‍ പത്തുലക്ഷമായി വര്‍ധിപ്പിക്കുകയാണ്. സംസ്ഥാനത്ത് മൊത്തത്തിലുണ്ടായ നാശനഷ്ടത്തിന്റെ കണക്ക് എടുത്തുകൊണ്ടിരിക്കുകയാണ്. കടലില്‍ പോയിരിക്കുന്നവരുടെ പൂര്‍ണമായ കണക്ക് എടുക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്. മുഖ്യമന്ത്രി വ്യക്തമാക്കി.

Share news

Leave a Reply

Your email address will not be published. Required fields are marked *