ഒരുകോടി രൂപയുടെ നിരോധിത കറന്‍സി നോട്ടുകളുമായി അഞ്ചംഗ സംഘം പിടിയില്‍

നിലമ്പൂര്‍: ഒരുകോടി രൂപയുടെ ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നിരോധിത കറന്‍സി നോട്ടുകളുമായി അഞ്ചംഗ സംഘം നിലമ്പൂരില്‍ പൊലീസിന്റെ പിടിയിലായി. തിരുവനന്തപുരം ശ്രീകാര്യം ചാവടിക്കോണം സന്തോഷ് ഭവനില്‍ സന്തോഷ് (43), ചെന്നെ ഭജനകോവില്‍ മുനീശ്വര്‍ സ്ട്രീറ്റിലെ സോമനാഥന്‍ നായര്‍(71), കൊണ്ടോട്ടി കൊളത്തൂര്‍ നീറ്റാണി കുളപ്പള്ളി ഫിറോസ് ബാബു (34), കൊണ്ടോട്ടി ചിറയില്‍ ജസീന മന്‍സിലില്‍ ജലീല്‍(36), മഞ്ചേരി പട്ടര്‍കുളം എരിക്കുന്നന്‍ ഷൈജല്‍ (32) എന്നിവരെയാണ് ശനിയാഴ്ച രാത്രി ആഡംബര കാറുകള്‍ സഹിതം പിടികൂടിയത്.
ജില്ലയില്‍ ചില ഏജന്റുമാര്‍ നിരോധിത കറന്‍സികളുടെ വിതരണവും കൈമാറ്റവും നടത്തുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം പെരിന്തല്‍മണ്ണ ഡി.വൈ.എസ്.പി എം.പി.മോഹനചന്ദ്രന്‍, നിലമ്ബൂര്‍ സി.ഐ.കെ.എം ബിജു, പെരിന്തല്‍മണ്ണ ടൗണ്‍ ഷാഡോ പൊലീസ് എന്നിവരുടെ നേതൃത്വത്തില്‍ നാല് ദിവസമായി നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്. ചെന്നൈയില്‍ നിന്നാണ് പണം കൊണ്ടുവന്നതെന്നും തൃശ്ശൂര്‍, പാലക്കാട് ഭാഗങ്ങള്‍ കേന്ദ്രീകരിച്ചുള്ള സംഘമാണ് ഇതിന് പിന്നിലെന്നും ഡി.വൈ.എസ്.പി പറഞ്ഞു.

35 ലക്ഷം രൂപ നല്‍കിയാണ് ഒരുകോടിയുടെ നിരോധിത കറന്‍സി വില്‍പ്പനയും വിതരണവും നടത്തുന്നത്. പെരിന്തല്‍മണ്ണ മേഖലയില്‍ നിന്ന് നോട്ട് നിരോധനത്തിന് ശേഷം 20 കോടിയോളം രൂപയുടെ നിരോധിത കറന്‍സി പിടിച്ചെടുത്തതായും ഡി.വൈ.എസ്.പി പറഞ്ഞു. അന്വേഷണങ്ങളില്‍ ഈ നോട്ടുകള്‍ ബാങ്കുകളിലൊന്നും എത്തുന്നതായി തെളിഞ്ഞിട്ടില്ല. ഇത്തരം നോട്ടുകള്‍ കൈവശം വെച്ചവരില്‍ നിന്നും ഏജന്റുമാര്‍ കമ്മീഷന്‍ കൈപ്പറ്റാനായി തട്ടിപ്പ് നടത്തുന്നതായാണ് അറിഞ്ഞതെന്നും പൊലീസ് പറയുന്നു. അന്വേഷണ ഉദ്യോഗസ്ഥരായ സി.പി.മുരളി, എന്‍.ടി.കൃഷ്ണകുമാര്‍, എം.മനോജ്കുമാര്‍, പ്രദീപ് കുമാര്‍, മാത്യു, സവാദ് ജഗദീഷ്,റഹിയാനത്ത് എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

