KOYILANDY DIARY.COM

The Perfect News Portal

ഒരിക്കലും ചരിത്രം പഠിക്കാനുള്ള ക്ഷമയോ ശേഷിയോ ഇല്ലാത്തവരാണിവര്‍: സ്വാമി സന്ദീപാനന്ദഗിരി

കൊയിലാണ്ടി: വിവേകാനന്ദ സ്വാമികളെ സ്വയം തങ്ങളുടെ ആചാര്യസ്ഥാനീയനായി പ്രഖ്യാപിച്ച സംഘപരിവാറുകാര്‍, സ്വാമികള്‍ താജ്മഹലിനെക്കുറിച്ച് വര്‍ണിച്ചത് കേട്ടാല്‍ ബോധക്ഷയം സംഭവിച്ച് വീഴുമെന്ന് സ്വാമി സന്ദീപാനന്ദഗിരി. കൊയിലാണ്ടിയില്‍ ശ്രദ്ധ സാമൂഹ്യപാഠശാലയുടെ പ്രതിരോധത്തിന്റെ ഉത്സവത്തില്‍ സമാപന പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

താജ്മഹല്‍ നിര്‍മ്മിച്ച മാര്‍ബിളിന്റെ ചെറുകഷ്ണം അടര്‍ത്തിയെടുത്ത് ഞെക്കിപ്പിഴിഞാല്‍ പ്രണയത്തിന്റെ മധുവും നിരാശയുടെ ചാറും ഉതിര്‍ന്നിറങ്ങുമെന്നാണ് വിവേകാനന്ദ സ്വാമികള്‍ പറഞ്ഞത്. താജ്മഹലിന്റെ ഒരു ചെറുതുണ്ടില്‍ അടങ്ങിയ ചരിത്രം പഠിച്ചെടുക്കാന്‍ ചുരുങ്ങിയത് ആറ് മാസമെങ്കിലും വേണ്ടിവരുമെന്നും വിവേകാന്ദന്‍ പറഞ്ഞിട്ടുണ്ട്. അങ്ങനെയുള്ള ചരിത്ര സ്മാരകത്തെയാണ് സംഘപരിവാറുകാര്‍ ഇപ്പോള്‍ നിന്ദിക്കുന്നതും പൊളിച്ചടുക്കാന്‍ ഇറങ്ങിപ്പുറപ്പെടുന്നതും.

ഒരിക്കലും ചരിത്രം പഠിക്കാനുള്ള ക്ഷമയോ ശേഷിയോ ഇല്ലാത്തവരാണിവര്‍. ചരിത്രവും ദര്‍ശനവുമൊക്കെ
ഇവര്‍ പഠിക്കുന്നത് അമര്‍ ചിത്രകഥകളില്‍ നിന്നാണ്. പ്രപഞ്ചാതീതമായ ഒരുദൈവസങ്കല്‍പം ആവശ്യമില്ലാത്ത ദര്‍ശനങ്ങളാണ് ഭാരതീയ തത്വചിന്തയില്‍ മിക്കവാറും ഉള്ളത്. അവിടെ മനുഷ്യനും ദൈവവും രണ്ടല്ല, ഹിന്ദുവെന്നോ മുസ്ലിമെന്നോ ഭേദചിന്തകളുമില്ല. ആ ഭാരത ദേശീയതയുടെ പേരിലാണ്സം ഘപരിവാറുകാര്‍ ഹിംസയുടെ പരമ്പരകള്‍ സൃഷ്ടിക്കുന്നതെന്നും സ്വാമി സന്ദീപാനന്ദഗിരി പറഞ്ഞു.

Advertisements

സാമൂഹ്യമാധ്യമങ്ങളെ ഇവര്‍ ഉപയോഗിക്കുന്ന രീതി ഗൗരവപരമായി കാണണം. കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വന്ന ഒരു പോസ്റ്റില്‍ പൂരി ഉണ്ടാക്കുമ്പോള്‍ അല്‍പം പുട്ട് പൊടി ചേര്‍ക്കുന്നത് നല്ലതാണെന്ന് അഡോള്‍ഫ് ഹിറ്റലര്‍ പറഞ്ഞതായി അദ്ദേഹത്തിന്റെ പടത്തോടൊപ്പം ഒരു പോസ്റ്റിട്ടു. സംഘപരിവാറുകാര്‍ ബോധപൂര്‍വ്വം ഇത് വ്യാപകമായി പ്രചരിപ്പിച്ചു.

ജര്‍മ്മനിയില്‍ പൂരിയും പുട്ടും ഒന്നുമില്ലെങ്കില്‍ നിരുപദ്രവകരമായ ഒരു തമാശകണക്കെ ഇത് പ്രചരിപ്പിക്കുന്നതിന് പിന്നില്‍ ഒരു ഫാസിസ്റ്റ് അജണ്ടയുണ്ട്. ലോകം വെറുപ്പോടെ കാണുന്ന ഒരു മനുഷ്യന് സ്വീകര്യത ഉണ്ടാക്കി നല്‍കുക എന്നതാണത്. ആളുകള്‍ ഇഷ്ടപ്പെട്ട് കഴിഞ്ഞാല്‍ ഹിറ്റ്‌ലറുടെ ആശയങ്ങള്‍ പിന്നാലെയെത്തുമെന്നും അദ്ദേഹം പറഞ്ഞു. സമാപന ചടങ്ങില്‍ സാഹിത്യകാരന്‍ കല്‍പറ്റനാരായണന്‍ അധ്യക്ഷനായി.

പരിപാടിയില്‍ അമൃതാടിവി ഫെയിം നിജീഷ് ചിങ്ങപുരവും സംഘവും ഗസല്‍ സന്ധ്യഅവതരിപ്പിച്ചു. ഇതോടെ ഒരു മാസമായി കൊയിലാണ്ടിയില്‍ നടന്നു വരുന്ന പ്രതിരോധത്തിന്റെ ഉത്സവത്തിന് സമാപനമായി. സെമിനാറുകള്‍, പ്രഭാഷണങ്ങള്‍, കലാസാംസ്‌കാരിക പരിപാടികള്‍, കവിയരങ്ങ്, കഥയരങ്ങ്, ഐവി ശശി-പുനത്തില്‍ കുഞ്ഞബ്ദുള്ള അനുസ്മരണം, പുസ്തകോത്സവം തുടങ്ങിയ വിവിധപരിപാടികള്‍ പ്രതിരോധത്തിന്റെ ഉത്സവത്തിന്റെ ഭാഗമായി കൊയിലാണ്ടിയിലും പരിസര പ്രദേശങ്ങളിലും സംഘടിപ്പിച്ചു. പുസ്തകോത്സവം നവംബര്‍ അഞ്ച് വരെ തുടരും. എന്‍ വി ബാലകൃഷ്ണന്‍ സ്വാഗതും എന്‍ കെ മുരളി നന്ദിയും പറഞ്ഞു.

Share news

Leave a Reply

Your email address will not be published. Required fields are marked *