ഐശ്വര്യത്തിന്റെ മണികിലുക്കവുമായി ഓണപ്പൊട്ടന് ഇന്ന് വീടുകളില്‍ എത്തും

കുറ്റ്യാടി: ഐശ്വര്യത്തിന്റെ മണികിലുക്കവുമായി ഓണപ്പൊട്ടന് ഇന്ന് വീടുകളില്‍ എത്തും.വടക്കേ മലബാറില്‍ ഓണത്തോടനുബന്ധിച്ച് അവതരിപ്പിക്കുന്ന തെയ്യരൂപമാണിത്. ഈ കലാരൂപത്തിന് ഓണേശ്വരന് എന്ന പേരുമുണ്ട് . സംസാരിക്കാത്ത തെയ്യമാണ് ഇത്. ആംഗ്യ ഭാഷയില്‍ അവതരിപ്പിക്കുന്നതിനാലാണ് ഓണപ്പൊട്ടന് എന്ന പേരു വന്നതെന്ന് പറയപ്പെടുന്നു. കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ ഉള്‍പ്രദേശങ്ങളിലാണ് കൂടുതലായും ഓണപ്പൊട്ടന് എത്തുന്നത്.
മലയ സമുദായക്കാര്‍ക്ക് രാജാക്കന്മാര് നല്‍കിയതാണ് വേഷം കെട്ടാനുള്ള അവകാശം. ചിങ്ങത്തിലെ ഉത്രാടത്തിനും തിരുവോണത്തിനുമാണ് ഓണപൊട്ടന്‍ വീടുകള്‍ തോറും കയറിയിറങ്ങുന്നത്. മുഖത്ത് ചായവും കുരുത്തോലക്കുടയും കൈതനാരുകൊണ്ട് തലമുടിയും കിരീടം, കൈവള, പ്രത്യേകരീതിയിലുള്ള ആടയാഭരണങ്ങള്‍ എന്നിവയാണ് ഓണപ്പൊട്ടന്റെ വേഷം. ഒരിക്കലും നിശ്ചലനായി നില്‍ക്കില്ല. താളം ചവിട്ടുകയും ഓടുകയും ചെയ്തുകൊണ്ടേയിരിക്കും.

അരിയും പണവുമാണ് ദക്ഷിണ. മണിയൊച്ചയും ഓണപൊട്ടനും ഓണം വരുന്നു എന്ന സന്ദേശമാണ് നല്‍കുന്നത്.
സംസാരിക്കാത്ത ഓണപൊട്ടന്‍ കയ്യില്‍ പിടിച്ചിരിക്കുന്ന മണി കിലുക്കി വരവ് അറിയിക്കും. ഓണ പൊട്ടന്റെ ചങ്ങാതിമാര്‍ കുട്ടികളാണ്. അവര്‍ക്കൊപ്പം കളിക്കുകയും മഹാബലിയായി അഭിനയിക്കുകയും ചെയ്യും.

