ഏഷ്യയിലെ ഏറ്റവും ഭാരം കൂടിയ സ്ത്രീ സാധാരണ ജീവിതത്തിലേക്ക്

മുബൈ: ഏഷ്യയിലെ ഏറ്റവും ഭാരം കൂടിയ യുവതിയായിരുന്നു 42കാരിയായ അമിത രജാനി. അന്ന് 300 കിലോ ഭാരമായിരുന്നു. നാല് വര്‍ഷം കൊണ്ട് 86 കിലോ ആയി കുറഞ്ഞു. അമിതയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത് മുംബൈ ലീലാവതി ആശുപത്രിയിലെ ഡോ. ശശാങ്ക് ഷായാണ്. മഹാരാഷ്ട്രയിലെ വസായ് സ്വദേശിയായ അമിത ജനിക്കുമ്ബോള്‍ തൂക്കം സാധാരണ കുട്ടികളെപ്പോലെ മൂന്നു കിലോയായിരുന്നു.
അമിത വളരുംതോറും അവരുടെ ഭാരവും കൂടി കൂടി വന്നു. ശരീരഭാരം കൂടിയപ്പോള്‍ നിരവധി അസുഖങ്ങളും പിടികൂടി. ഇരിക്കാനും നടക്കാനും പ്രയാസം, ആരുടെയെങ്കിലും സഹായമില്ലാതെ അമിതയ്ക്ക് നടക്കാന്‍ പോലും പ്രയാസമായിരുന്നു. ശ്വസതടസ്സം കൂടിവന്നതോടെ ഓക്‌സിജന്‍ എപ്പോഴും വേണമെന്നായി. 2007 മുതല്‍ കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ കഴിയാത്ത അവസ്ഥയില്‍ പോലുമെത്തി. തുടര്‍ന്നുള്ള എട്ട് വര്‍ഷത്തോളം അമിത കിടപ്പിലായി.

ശസ്ത്രക്രിയ ചെയ്ത് അമിതിന്റെ ശരീരഭാരം കുറയ്ക്കണമെന്ന് തീരുമാനത്തിലെത്തി. അമിതയ്ക്ക് ആശുപത്രിയില്‍ പ്രത്യേകം കിടക്ക ഒരുക്കിയിരുന്നു. രണ്ട് ഘട്ടങ്ങളായാണ് ശസ്ത്രക്രിയ നടത്തിയത്. 2015ല്‍ നടത്തിയ ശസ്ത്രക്രിയയ്ക്കുശേഷം പരസഹായമില്ലാതെ അമിത നടക്കാന്‍ തുടങ്ങി.

2017-ലെ രണ്ടാം ശസ്ത്രക്രിയയ്ക്ക് ശേഷം 140 കിലോ കൂടി കുറഞ്ഞു. ഇപ്പോള്‍ ഇവര്‍ സാധാരണ ജീവിതത്തിലേക്ക് എത്തിക്കഴിഞ്ഞു. സാധാരണ ആളുകളെ പോലെ തന്നെ നടക്കാനും ഇരിക്കാനും എല്ലാ ജോലിയും ചെയ്യാനാകുന്നുവെന്ന് അമിത പറയുന്നു.

