എന്‍എസ്എസിനെതിരെ കടുത്ത വിമര്‍ശനവുമായി വീണ്ടും കോടിയേരി

തിരുവനന്തപുരം: എന്‍എസ്എസിനെ രൂക്ഷമായി വിമര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് വീണ്ടും രംഗത്ത്. ബിജെപിയുടെ വര്‍ഗീയ സമരങ്ങള്‍ക്ക് തീ പകരാനുള്ള നടപടിയാണ് എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയില്‍ നിന്നുണ്ടായിരിക്കുന്നതെന്ന് കോടിയേരി വ്യക്തമാക്കി. പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തിലായിരുന്നു കോടിയേരിയുടെ വിമര്‍ശം.
ഈ മാസം 26ന് ആര്‍എസ്എസ് നടത്തുന്ന അയ്യപ്പജ്യോതിയില്‍ പങ്കെടുക്കാനുള്ള സുകുമാരന്‍ നായരുടെ ആഹ്വാനം എന്‍എസ്എസിന്റെ പാരന്പര്യത്തിന് നിരക്കുന്നതല്ല. മന്നത്തിന്റേയും ചട്ടന്പി സ്വാമിയുടേയും ആശയമാണ് വനിതാ മതിലില്‍ തെളിയുന്നത്. മതിലില്‍ വിള്ളല്‍ വീഴ്ത്താനുള്ള ആര്‍എസ്എസ് ശ്രമത്തിന് കൂട്ടുനില്‍ക്കുന്ന എന്‍എസ്എസ് നേതൃത്വത്തിന്റെ നടപടി ചരിത്രപരമായ തലകുത്തി വീഴ്ചയാണ്. ഈ വഴിതെറ്റലില്‍ നിന്ന് മോചിതമാകാന്‍ എന്‍എസ്എസ് നേതൃത്വം തയാറാക്കണമെന്ന് ലേഖനത്തില്‍ പറയുന്നു.

എന്‍എസ്എസിന്റേത് നവോത്ഥാനപാതയില്‍ നിന്നുള്ള വ്യതിചലനമാണ്. സുകുമാരന്‍ നായര്‍ വനിതാ മതിലിനെ തുടക്കം മുതല്‍ എതിര്‍ക്കുകയും ഇതിന്റെ മറവില്‍ മുഖ്യമന്ത്രിയെ ഒറ്റതിരിഞ്ഞ് ആക്രമിക്കുകയുമാണ്. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് അനുഭവിക്കുമെന്ന ഉഗ്രശാപം പുറപ്പെടുവിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പുകളില്‍ പുലര്‍ത്തി വന്ന സമദൂരമെന്ന നിലപാട് ശരിദൂരമാക്കി കമ്യൂണിസ്റ്റു വിരുദ്ധ ശക്തികളെ സഹായിക്കുമെന്ന നിലപാട് ഒട്ടും യോജിച്ചതല്ലെന്നും കോടിയേരി ബാലകൃഷ്ണന് കുറ്റപ്പെടുത്തി.

