എസ്. പി. സി യൂണിറ്റ് ഉദ്ഘാടനം ചെയ്തു
കോഴിക്കോട്: പുതിയാപ്പ ഗവ. ഫിഷറീസ് ഹയർ സെക്കണ്ടറി സ്കൂളിൽ പുതുതായി ആരംഭിച്ച എസ്. പി. സി. യൂണിറ്റ് മന്ത്രി എ.കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. സാമൂഹികപരമായും അക്കാദമികപരമായും സ്കൂളിലെ കുട്ടികൾക്ക് മുന്നേറാൻ ഈ പദ്ധതിയിലൂടെ സാധിക്കുമെന്നും സമൂഹം പ്രതീക്ഷിക്കുന്ന നന്മക്കനുസൃതമായി പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. എസ് പി സി അനുവദിച്ചു കിട്ടിയ ജില്ലയിലെ രണ്ടാമത്തേയും കോർപ്പറേഷനിലെ ആദ്യത്തേയും ഹയർ സെക്കന്ററിയാണ് പുതിയാപ്പയിലേത്. 44 കുട്ടികൾ അടങ്ങുന്ന യൂണിറ്റിൻ്റെ പരിശീലനം ഈ വർഷം തന്നെ ആരംഭിക്കും.

വെള്ളയിൽ പോലീസ് സ്റ്റേഷനിലെ രണ്ട് ഡ്രില്ല് ഇൻസ്ട്രക്ടർമാരാണ് പരിശീലനം നൽകുക. കഴിഞ്ഞ വർഷം അനുവദിച്ച എൻ. എസ്. എസ് യൂണിറ്റിനോടൊപ്പം തന്നെ തീരദേശ മേഖലയുമായി ബന്ധപ്പെട്ട് കമ്മ്യൂണിറ്റി ക്യാമ്പ് അടക്കമുള്ള മികച്ച പ്രവർത്തനങ്ങൾ എസ് പി സി യുടെ നേതൃത്തിൽ നടത്താനാകുമെന്ന് കോർഡിനേറ്റർ എസ്.എൽ സ്റ്റെല്ല ലിൻസി പറഞ്ഞു.ഹയർ സെക്കന്ററി പരീക്ഷയിൽ മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികൾക്കുള്ള പുരസ്കാര വിതരണവും നടത്തി.


വാർഡ് കൗൺസിലർ വി.കെ മോഹൻദാസ് അധ്യക്ഷത വഹിച്ചു. നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് പോലീസ് കമ്മീഷണർ ടി.ജയകുമാർ, മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ധനേഷ്, വെള്ളയിൽ സ്റ്റേഷൻ സി.ഐ ഗോപകുമാർ, എസ് ഐ മാരായ യു.സനീഷ്, ബാലകൃഷ്ണൻ, എസ്. പി. സി. എഡിഎൻ ഒ ഷിബു മൂടാടി, എച്ച് എം. പി മുഹമ്മദ് കോയ, പി.ടി.എ പ്രസിഡണ്ട് എം. കെ ജിതേന്ദ്രൻ, വി. ഉമേഷ്, ഷാജി തുരുത്തിയിൽ എന്നിവർ പങ്കെടുത്തു. പ്രിൻസിപ്പൽ ജസീന്ത ജോർജ് സ്വാഗതവും, എസ്. പി. സി. സി പി ഒ പി. അബ്ദുൽ ജബ്ബാർ നന്ദിയും പറഞ്ഞു.


