എസ്എഫ്ഐ വനിതാ നേതാവിന്റെ വീട് ആര്‍എസ്എസുകാര്‍ ആക്രമിച്ച് തകര്‍ത്തു; കൊന്നുകളയുമെന്ന് ഭീഷണി
തിരുവനന്തപുരം : തലസ്ഥാനത്ത് എസ്എഫ്ഐ പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെ ആര്‍എസ്എസ്-എബിവിപി ആക്രമണം. ധനുവച്ചപുരം വി.ടി.എം. എന്‍എസ്എസ് കോളേജ് എസ്എഫ്ഐ യൂണിറ്റംഗവും പാറശ്ശാല ഏരിയ കമ്മിറ്റി അംഗവും, ഡിവൈഎഫ്ഐ ചപ്പാത്ത് യൂണിറ്റ് അംഗവുമായ ആര്യ, സച്ചിന് എന്നിവരുടെ വീടുകള്‍ക്ക് നേരെയാണ് പുലര്‍ച്ചെ ആക്രമണമുണ്ടായത്. ഇരുവരെയും കൊല്ലുമെന്നും ഭീഷണിയുണ്ട്.
പെരിങ്ങമലയിലെ സച്ചിന്റെ വീടിന് നേര്‍ക്കാണ് ആദ്യം ആക്രമണം നടന്നത്. വെള്ളിയാഴ്ച രാത്രി കൊലവിളിയുമായി പാഞ്ഞെത്തിയ സംഘം വീടിനുള്ളില്‍ അതിക്രമിച്ച് കയറുകയും വീട്ടുപകരണങ്ങള്‍ ഉള്‍പ്പെടെ വ്യാപകമായി നശിപ്പിക്കുകയും ചെയ്തു. ഇതിന് ശേഷമായിരുന്നു ചപ്പാത്തിലെ ആര്യയുടെ വീട് ആക്രമിച്ചത്. ഈ സമയം ആര്യ വീട്ടില്‍ ഇല്ലായിരുന്നു. ജനലുകളടക്കം അടിച്ചുതകര്‍ത്തു. കോളേജില്‍ എസ്എഫ്ഐ യൂണിറ്റ് ആരംഭിച്ചത് മുതല്‍ പ്രവര്‍ത്തകരെ നിരന്തരം വേട്ടയാടുകയാണ് ആര്‍എസ്എസ്-എബിവിപി സംഘം. ആര്യക്കും സച്ചിനും നേര്‍ക്ക് നേരത്തെയും ആക്രമണം നടന്നിരുന്നു. ഇരുവരെയും വധിക്കുമെന്നും ഭീഷണിയുണ്ട്. ആക്രമണത്തില്‍ എസ്എഫ്ഐ ജില്ലാകമ്മിറ്റി പ്രതിഷേധിച്ചു.

