എല്‍ദോ എംഎല്‍എയുടെ കൈക്ക് ഒടിവില്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്

കൊച്ചി: ലാത്തിച്ചാര്‍ജില്‍ മൂവാറ്റുപുഴ എംഎല്‍എ എല്‍ദോ എബ്രഹാമിന്റെ കൈക്ക് ഒടിവോ പൊട്ടലോ ഇല്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടിനെ തുടര്‍ന്നു അന്വേഷണം വേണമെന്നു പോലീസ് ആവശ്യപ്പെട്ടു. മെഡിക്കല്‍ റിപ്പോര്‍ട്ട് പോലീസ് കലക്ടര്‍ക്ക് കൈമാറി. റിപ്പോര്‍ട്ട് തിങ്കളാഴ്ച മുഖ്യമന്ത്രി പിണറായി വിജയനു സമര്‍പ്പിക്കും.
റിപ്പോര്‍ട്ടില്‍ എംഎല്‍എക്കും മറ്റു നേതാക്കള്‍ക്കും ഗുരുതരമായ തരത്തിലുള്ള പരിക്കുകള്‍ ഇല്ലെന്നു പറയുന്നു. കലക്ടര്‍ എസ്.സുഹാസ് വെള്ളിയാഴ്ച സിപിഐ നേതാക്കളുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.

കൊച്ചിയില്‍ ഡി ഐ ജി റേഞ്ച് ഓഫീസിലേക്ക് സിപിഐ നടത്തിയ മാര്‍ച്ചില്‍ പോലീസ് ലാത്തിച്ചാര്‍ജില്‍ എല്‍ദോയ്ക്കും മറ്റു സിപിഐ നേതാക്കള്‍ക്കും പരിക്കേറ്റിരുന്നു.ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റ എല്‍ദോ എബ്രഹാം എറണാകുളം ജനറല്‍ ആശുപത്രിയിലാണ് ആദ്യം ചികിത്സ തേടിയത്. തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ വിദഗ്ധ ചികിത്സ തേടുകയായിരുന്നു.

സി പി ഐ നേതാക്കള്‍ക്കെതിരെ പോലീസ് നടപടിയെ ന്യായീകരിക്കുന്ന രീതിയിലുളള സംസ്ഥാന അധ്യക്ഷന്‍ കാനം രാജേന്ദ്രന്റെ സമീപനം രൂക്ഷവിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. സിപിഐയില്‍ ഇത് വിഭാഗീയ സൃഷ്ടിച്ചിരുന്നു. സിപിഐ നേതാക്കര്‍ക്കെതിരെ പോലീസ് ലാത്തിച്ചാര്‍ജ് നടത്തിയതില്‍ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ മുഖ്യമന്ത്രിയെ നേരിട്ടു കണ്ട് അതൃപ്തി അറിയിച്ചിരുന്നു.

