KOYILANDY DIARY.COM

The Perfect News Portal

എടിഎം തട്ടിപ്പ് കേസിലെ പ്രതികളായ റുമേനിയക്കാര്‍ക്ക് പ്രാദേശികരായവരില്‍ നിന്ന് സഹായം ലഭിച്ചതായി സൂചന

തിരുവനന്തപുരം : ഹൈടെക് എടിഎം തട്ടിപ്പ് കേസിലെ പ്രതികളായ റുമേനിയക്കാര്‍ക്ക് പ്രാദേശികരായവരില്‍ നിന്ന് സഹായം ലഭിച്ചതായി സൂചന. റുമേനിയന്‍ സ്വദേശി ഗബ്രിയേല്‍ മരിയന്‍ പിടിയിലായതിനുശേഷം മുംബൈയില്‍നിന്നു പണം പിന്‍വലിച്ചത് ഇന്ത്യക്കാരനാണെന്നാണ് പൊലീസ് സംശയം..മുംബൈയില്‍ തങ്ങിയ അഞ്ചാമനു വേണ്ടി എടിഎമ്മില്‍ നിന്നു പണം പിന്‍വലിച്ചതു തദ്ദേശീയനായ ഒരാളെന്നാണു പൊലീസിന് എസ്ബിഐ നല്‍കിയ വിഡിയോ ദൃശ്യങ്ങള്‍ സൂചിപ്പിക്കുന്നത്. ഗബ്രിയേല്‍ അറസ്റ്റിലായതിനു പിന്നാലെ ഒന്‍പതിനു രാത്രി 11.46 ന് ഒരാള്‍ എടിഎം മുറിയിലേക്കു കടന്നു പണം പിന്‍വലിക്കുന്നതാണു ദൃശ്യം. കറുത്ത ഷര്‍ട്ടും ജീന്‍സും ധരിച്ച ഇയാള്‍ ഇന്ത്യന്‍ പൌരനാണെന്നാണു വിലയിരുത്തല്‍. ഒട്ടേറെ സമയം വിവിധ കാര്‍ഡുകള്‍ എടിഎമ്മില്‍ പരീക്ഷിക്കുന്നതും കാണാം. എടിഎമ്മില്‍ നിന്നു പണമെടുക്കാന്‍ അഞ്ചാമന്‍ മുംബൈയില്‍ മറ്റാരുടെയോ സഹായം തേടിയെന്ന സംശയമാണു ഇതോടെ ശക്തമാകുന്നത്. ഇതേ സമയത്താണ് തിരുവനന്തപുരം ചൂഴമ്ബാല സ്വദേശിയും എസ്ബിടി പള്ളിത്തുറ ശാഖയിലെ മുന്‍ ചീഫ് മാനേജരുമായ ബി ജ്യോതിതികുമാറിന്റെ അക്കൌണ്ടില്‍ നിന്ന് 47,800 രൂപ നഷ്ടപ്പെട്ടത്. അതിനിടെ കേസിലെ മൂന്നുപ്രതികള്‍ രാജ്യംവിട്ടതായി അന്വേഷണസംഘം സ്ഥിരീകരിച്ചു. കഴിഞ്ഞദിവസം മുംബൈയില്‍നിന്ന് പിടിയിലായ ഗബ്രിയേല്‍മരിയന്‍, ബോഗ്ബീന്‍ ഫ്ളോറിയന്‍, ക്രിസ്റ്ററെന്‍ വിക്ടര്‍, ഇയോണ്‍ സ്ളോറിന്‍ എന്നിവരുടെ വിവരമാണ് ആദ്യം ലഭിച്ചത്. ‘കോസ്റ്റി’ എന്നുപേരുള്ള അഞ്ചാമനും സംഘത്തിലുണ്ടെന്ന് ഗബ്രിയേലിനെ ചോദ്യംചെയ്തതില്‍നിന്ന് മനസിലായി. ഗബ്രിയേല്‍ മരിയനുമായി ശനിയാഴ്ച അന്വേഷണസംഘം വിവിധ സ്ഥലങ്ങളില്‍ തെളിവെടുപ്പ് നടത്തി. മുംബൈയിലെ എടിഎം കൌണ്ടറുകളിലും ചെന്നൈയിലും ഇയാളെ തെളിവെടുപ്പിന് കൊണ്ടുപോകും. ഇതോടെ തട്ടിപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് പൊലീസ് വൃത്തങ്ങളുടെ പ്രതീക്ഷ.

Share news