എം.എസ്.എഫ്. നടത്തിയ കളക്ടറേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം

കോഴിക്കോട്: സ്വാശ്രയ മെഡിക്കല്‍ ഫീസ് വര്‍ധിപ്പിച്ചതില്‍ പ്രതിഷേധിച്ച് എം.എസ്.എഫ്. നടത്തിയ കളക്ടറേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. കളക്ടറേറ്റ് പടിക്കലെത്തിയ മാര്‍ച്ച് ബാരിക്കേഡ് വെച്ച് പോലീസ് തടഞ്ഞു. ബാരിക്കേഡ് തകര്‍ത്ത് അകത്തുകടക്കാന്‍ ശ്രമിച്ചവര്‍ക്കുനേരേ പോലീസ് ജലപീരങ്കി ഉപയോഗിച്ചു. ശേഷം അഞ്ച് കണ്ണീര്‍ വാതക ഷെല്ലുകളും പ്രയോഗിച്ചെങ്കിലും നാലെണ്ണം മാത്രമേ പൊട്ടിയിരുന്നുള്ളൂ. അതേസമയം ജലപീരങ്കി പ്രയോഗം തെറ്റായ ദിശയിലായത് റോഡിലൂടെ പോകുന്ന യാത്രക്കാരും നനയാന്‍ ഇടയാക്കി.
മെഡിക്കല്‍ വിദ്യാഭ്യാസരംഗത്തെ കച്ചവടവത്കരണം അവസാനിപ്പിക്കുക, അന്യായമായ ഫീസ് വര്‍ധന പിന്‍വലിക്കുക, എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് എം.എസ്.എഫ്. ജില്ലാ കമ്മിറ്റി നേതൃത്വത്തില്‍ മാര്‍ച്ച് നടത്തിയത്. എം.എസ്.എഫ്. സംസംഥാന പ്രസിഡന്റ് മിസ്ഹബ് കിഴയൂര്‍ ഉദ്ഘാടനം ചെയ്തു. എം.എസ്.എഫ്. ജില്ലാ പ്രസിഡന്റ് എ.പി. സമദ് അധ്യക്ഷത വഹിച്ചു.

മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം.എ. റസാഖ്, എം.എസ്.എഫ്. ജില്ലാ സെക്രട്ടറി ലത്തീഫ് തുറയൂര്‍, ആഷിഖ് ചെലവൂര്‍, ഷരീഫ് വടക്കയില്‍, നിഷാദ് സലീം എന്നിവര്‍ സംസാരിച്ചു. മാര്‍ച്ചില്‍ ആറുപേരെ പോലീസ് അറസ്റ്റ് ചെയ്ത്
ജാമ്യത്തില്‍ വിട്ടു.

