KOYILANDY DIARY.COM

The Perfect News Portal

എം.എല്‍.എ.മാരുടെ ശബളം കെജ്രിവാള്‍ സര്‍ക്കാരിന്റെ ബില്‍ കേന്ദ്രം തിരിച്ചയച്ചു

ന്യൂഡല്‍ഹി : കെജ്രിവാള്‍ സര്‍ക്കാരിന്റെ ബില്‍ കേന്ദ്രം തിരിച്ചയച്ചു. എം.എല്‍.എ.മാരുടെ ശബളം 400 ശതമാനം ഉയര്‍ത്തിക്കൊണ്ടുള്ള ബില്ലാണ് കേന്ദ്രം തിരിച്ചയച്ചത്. ബില്‍ പാസാക്കിയാല്‍ രാജ്യത്ത് ഏറ്റവും കൂടിയ ശബളം വാങ്ങുന്ന നിയമസഭാ സാമാജികരാകും ഡല്‍ഹി എം.എല്‍.എ.മാര്‍. എന്നാല്‍ ആവശ്യമായ നടപടിക്രമങ്ങളോ ശബളം ഉയര്‍ത്തുന്നതിനാവശ്യമായ മാനദണ്ഡമോ പാലിച്ചായിരുന്നില്ല ബില്‍ പാസാക്കിയതെന്ന് കേന്ദ്രം നിരീക്ഷിച്ചു. തുടര്‍ന്നാണ് വിശദീകരണം ആവശ്യപ്പെട്ട് ബില്‍ മടക്കിയത്.

2015 ലാണ് ശബളവും മറ്റാനുകൂല്യങ്ങളും അനുവദിക്കുന്ന ബില്ലില്‍ ഭേദഗതി വരുത്താന്‍ കെജരിവാള്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. 12,000 അടിസ്ഥാന ശബളത്തില്‍ നിന്ന് 50,000 ആക്കണമെന്നായിരുന്നു ബില്ലിലെ വ്യവസ്ഥ. മറ്റ അലവന്‍സുകളിലും ഭീമമായ വര്‍ദ്ധനവാണ് അനുവദിച്ചത്. നേരത്തെ 88,000 ആയിരുന്നത് 2.1 ലക്ഷമാക്കിയാണ് വര്‍ദ്ധിപ്പിച്ചത്. ഈ വര്‍ദ്ധനവ് കണക്കു കൂട്ടിയത് എന്ത് മാനദണ്ഡത്തിലാണെന്ന് വിശദമാക്കിയില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് ബില്‍ തിരിച്ചയച്ചത്. ഡല്‍ഹിയുടെ ഭരണത്തലവന്‍ ഗവര്‍ണര്‍ തന്നെയാണെന്നുള്ള ഹൈക്കോടതി വിധിക്ക് പിന്നാലെ വന്ന കേന്ദ്രതീരുമാനം സര്‍ക്കാരിന് മറ്റൊരു തിരിച്ചടിയായി.

Share news