എം.എല്‍.എയുടെ പേഴ്സണല്‍ സ്റ്റാഫെന്ന് തെറ്റിദ്ധരിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്ത് യുവാവ് മുങ്ങി

പത്തനംതിട്ട: എം.എല്‍.എയുടെ പേഴ്സണല്‍ സ്റ്റാഫെന്ന് തെറ്റിദ്ധരിപ്പിച്ച് ലക്ഷക്കണക്കിന് രൂപയുടെ സാമ്ബത്തിക തട്ടിപ്പ് നടത്തി മുങ്ങിയ യുവാവിനെ പൊലീസ് തിരയുന്നു. ആറന്മുള എം.എല്‍.എ വീണാ ജോര്‍ജിന്റെ പേഴ്‌സണല്‍ സ്റ്റാഫെന്ന് തെറ്റിദ്ധരിപ്പിച്ച് പണം തട്ടിയ പത്തനംതിട്ട ആറാട്ടുപുഴ സ്വദേശി ബിജോ മാത്യുവാണ് മുങ്ങിയത്. ആറുലക്ഷത്തിലധികം രൂപയാണ് ഇയാള്‍ തട്ടിയെടുത്തത്.
തിരുവല്ല സ്വദേശികളായ മൂന്ന് പേരില്‍ നിന്ന് ജോലി വാഗ്ദാനം ചെയ്ത് 1.65 ലക്ഷം രൂപയും അടൂര്‍ സ്വദേശികളില്‍ നിന്ന് 3,45,000 രൂപയും തട്ടിയെടുത്തെന്നാണ് പരാതി. ഇയാള്‍ക്കെതിരെ ഡി.വൈ.എസ്.പിക്കും അടൂര്‍ സ്റ്റേഷനിലുമാണ് പരാതി നല്‍കിയിട്ടുള്ളത്. ഇതുകൂടാതെ വീടിനടുത്തുള്ള ഒരാളില്‍ നിന്ന് ഒന്നരലക്ഷം രൂപ ബിജോ ജോലി വാഗ്ദാനം ചെയ്ത തട്ടിയെടുത്തതായും പരാതിയുണ്ട്.

ജോലി തേടിയെത്തിയവരില്‍ നിന്ന് പണം തട്ടിയെടുത്ത ശേഷം ടിക്കറ്റും ബിജോ നല്‍കിയിരുന്നു. എന്നാല്‍ ഇവ റദ്ദായതിനെ തുടര്‍ന്ന് സംശയം തോന്നിയവര്‍ നടത്തിയ പരിശോധനയിലാണ് തട്ടിപ്പിനിരയായതായി മനസിലാക്കിയത്. നേരത്തെ ആന്റോ ആന്റണി എം.പിയുടെ പേഴ്‌സണല്‍ സ്റ്റാഫായിരുന്ന ബിജോ ഗള്‍ഫില്‍ ജോലിക്ക് പോയിരുന്നു. പിന്നീട് നാട്ടിലെത്തിയപ്പോഴാണ് വീണാ ജോര്‍ജിനൊപ്പം പരിപാടികളില്‍ കണ്ടുതുടങ്ങിയത്.

അതേസമയം, ബിജോ മാത്യു ജോലിക്കായി തന്നെ സമീപിച്ചിരുന്നുവെങ്കിലും പേഴ്‌സണല്‍ സ്റ്റാഫ് അല്ലായിരുന്നുവെന്ന് വീണാ ജോര്‍ജ് അറിയിച്ചു. ഇയാള്‍ക്കെതിരെ ആള്‍മാറാട്ടത്തിനും വ്യാജരേഖ ചമച്ചതിനും പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയതായും വീണ പറഞ്ഞു.

