ഋഷിരാജ് സിംഗ് അയ്യപ്പജ്യോതിയില്‍ പങ്കെടുത്തെന്ന വ്യാജപ്രചരണം: ബിജെപി നേതാവ് അറസ്‌റ്റില്‍
തിരുവല്ല: ബിജെപി കഴിഞ്ഞ ദിവസം സംഘടിപ്പിച്ച അയ്യപ്പജ്യോതിയില്‍ എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് പങ്കെടുത്തെന്ന് വ്യാജപ്രചരണം നടത്തിയ ബിജെപി നേതാവിനെ അറസ്‌റ്റ് ചെയ്‌തു. പത്തനംതിട്ട തിരുവല്ലയിലെ ജെ ജയനെയാണ് അറസ്‌റ്റ് ചെയ്‌തത്.
തൃശ്ശൂര്‍ കൊരട്ടി സ്വദേശിയും ഇന്ത്യന്‍ നേവിയിലെ റിട്ട. ഉദ്യോഗസ്ഥനുമായ മോഹന്‍ദാസിന്റെ ചിത്രം ഉപയോഗിച്ചാണ് ഋഷിരാജ് സിംഗെന്ന രീതിയില്‍ ബിജെപി കള്ള പ്രചരണം നടത്തിയത്. താന്‍ അയ്യപ്പ ജ്യോതിയില്‍ പങ്കെടുത്തതായുള്ള വ്യാജപ്രചരണത്തിനെതിരെ ഋഷിരാജ് സിങ് പരാതി നല്‍കിയിരുന്നു.

അയ്യപ്പജ്യോതിയില്‍ താന്‍ പങ്കെടുത്തിട്ടില്ലെന്നും വ്യാജപ്രചരണം തടയണമെന്നും ആവശ്യപ്പെട്ട് ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്‌ക്കാണ് പരാതി നല്‍കിയത്. സോഷ്യല്‍മീഡിയയില്‍ സംഘപരിവാര്‍ അക്കൗണ്ടുകള്‍ വഴിയായിരുന്നു വ്യാജപ്രചരണം.

