ഉഴവൂരിലൊരു ഓട്ടോക്കല്യാണം, നവവധു വിവാഹത്തിനെത്തിയത് ഓട്ടോറിക്ഷ ഓടിച്ച്

കോട്ടയം: മഹിമയുടെ അച്ഛന് മോഹനന് നായര്‍ ഓട്ടോറിക്ഷാ തൊഴിലാഴിയാണ്. മകളെ വളര്‍ത്തിയതും ബിഎഡ് വരെ പഠിപ്പിച്ചതും ഓട്ടോ ഓടിച്ചു കിട്ടിയ വരുമാനം കൊണ്ടാണ്. മഹിമയും ചെറുപത്തിലേ ഓട്ടോ ഓടിക്കാന്‍ പഠിച്ചു, ലൈസന്‍സും എടുത്തു. കല്യാണദിവസവും മഹിമ കുടുംബത്തിന്റെ ചോറായിരുന്ന അച്ഛന്റെ ഓട്ടോറിക്ഷയെ മറന്നില്ല. അലങ്കരിച്ച ഓട്ടോറിക്ഷ അവളുടെ കല്യാണവണ്ടിയായി. അച്ഛന്റെ ഓട്ടോ ഓടിച്ചാണ് മഹിമ കല്യാണത്തിന് എത്തിയത്.
ഏറെ വര്‍ഷങ്ങളായി ഉഴവൂര്‍ സ്റ്റാന്റിലെ ഓട്ടോത്തൊഴിലാളിയാണ് പെരുവന്താനം മാമലയില്‍ മോഹനന് നായര്‍. മകളുടെ ജീവിതത്തിലെ പ്രധാനപ്പെട്ട ദിവസം ഓട്ടോയെ മറക്കാന്‍ മോഹനന് നായരും തയ്യാറല്ലായിരുന്നു. ഭാര്യ ലീലാമണിക്കും മകള്‍ ഓട്ടോറിക്ഷ ഓടിച്ച് സ്വന്തം കല്യാണത്തിന് പോകുന്നതിന് സമ്മതം. മഹിമ പിന്നെയൊന്നും നോക്കിയില്ല, മന്ത്രകോടിയിട്ട് ഒരുങ്ങിയിറങ്ങിയ മണവാട്ടി ഓട്ടോയുടെ ഡ്രൈവിഗ് സീറ്റിലിരുന്നു. ഫസ്റ്റ് ഗിയറിട്ട് ആക്സിലേറ്റര്‍ കൊടുത്ത് നേരെ കുറിച്ചിത്താനം പൂതൃക്കോവില്‍ ശ്രീകൃഷ്ണ സ്വാമിക്ഷേത്രത്തിലേക്ക് വിട്ടു. പിന്‍സീറ്റില്‍ കുടുംബവും ഉണ്ടായിരുന്നു.

മഹിമയുടെ ഓട്ടോയ്ക്കൊപ്പം ഉഴവൂര്‍, പൂവത്തുങ്കല്‍, മരങ്ങാട്ടുപള്ളി സ്റ്റാന്റുകളിലെ ഓട്ടോറിക്ഷാ തൊഴിലാളികളും അവരവരുടെ ഓട്ടോറിക്ഷകളുമായാണ് കല്യാണത്തിനെത്തിയത്. നല്ലവങ്ക കൂട്ടുകാരന്, ന്യായമുള്ള റേറ്റുകാരന്‍, ഏഴൈക്കെല്ലാം സ്വന്തക്കാരന് ഡാ… ലൈനില്‍ വരിവരിയായി ഓട്ടോറിക്ഷകള്‍ ക്ഷേത്രമുറ്റത്തേക്കെത്തി. പട്ടാമ്ബി കൊപ്പം പ്രേംനിവാസില്‍ രാജഗോപാലന്റെയും പുഷ്പയുടേയും മകന് സൂരജ് ആയിരുന്നു വരന്. കെട്ടുകഴിഞ്ഞ് സദ്യ നടക്കുന്ന ഓഡിറ്റോറിയത്തിലേക്ക് നവദമ്ബതികള്‍ പോയതും ഓട്ടോയില്‍ത്തന്നെ. കല്യാണനിശ്ചയത്തിനും മഹിമ എത്തിയത് ഓട്ടോറിക്ഷ ഓടിച്ചായിരുന്നു.

സ്വന്തം കാറോടിച്ച് വധുവോ വരനോ കല്യാണത്തിന് എത്തുന്നത് പോലെതന്നെയാണ് സ്വന്തം ഓട്ടോറിക്ഷ ഓടിച്ച് വരുന്നതും എന്നാണ് മഹിമയുടെ പക്ഷം. അവരവര്‍ക്ക് സൗകര്യപ്രദമായ വാഹനം ഉപയോഗിക്കുന്നു എന്നതില്‍ കവിഞ്ഞ് ഇതിലൊന്നുമില്ല. ആഡംബര കാറുകളിലും തുറന്ന ജീപ്പിലുമെല്ലാം വധുവും വരനും കല്യാണത്തിനെത്തുമ്ബോള് സാധാരണക്കാരന്റെ വാഹനമായ ഓട്ടോയില്‍ തന്റെ മകള്‍ അവളുടെ കല്യാണത്തിന് വന്നുവെന്ന് മോഹനന് നായര്‍. മഹിമയ്ക്ക് വണ്ടി ഓടിക്കാനറിയാം, ലൈസന്‍സുമുണ്ട്. അതുകൊണ്ട് ഓട്ടോറിക്ഷ ഓടിച്ചുതന്നെ എത്തി. യാത്രാസുഖമുള്ള വാഹനമാണ് ഓട്ടോറിക്ഷ എന്ന സന്ദേശം സമൂഹത്തിന് നല്‍കുക എന്നും ഉദ്ദേശിച്ചിരുന്നുവെന്നും ഉഴവൂര്‍ സ്റ്റാന്റിലെ ഈ സീനിയര്‍ ഓട്ടോത്തൊഴിലാളി പറഞ്ഞുനിര്‍ത്തി.

