KOYILANDY DIARY

The Perfect News Portal

ഈ പുതിയ നിയമം നിങ്ങള്‍ അറിഞ്ഞിരിക്കണം, കണ്ടിരിക്കണം

ചെയ്യാനിരുന്ന ചിത്രങ്ങള്‍ മാറ്റിവച്ച് എന്തുകൊണ്ട് നയന്‍താരയും മമ്മൂട്ടിയും പുതിയ നിയമം എന്ന ചിത്രം ഏറ്റെടുത്തു. അതിനും മാത്രം എന്താണ് ഈ കഥയില്‍ ഉള്ളത് എന്നൊക്കെ ഒരു സംശയമുണ്ടായിരുന്നു. എന്നാല്‍ സിനിമ കണ്ടപ്പോള്‍ മനസ്സിലായി, ഇത് അല്പം പുതിയ നിയമം തന്നെയാണ്. എല്ലാ കുടുംബങ്ങളിലും നടക്കുന്ന ഒരു കഥയല്ല പുതിയ നിയമത്തിന്റേത്. എന്നാല്‍ ചില കുടുംബങ്ങളില്‍ നടന്ന, അല്ലെങ്കില്‍ നടന്നേക്കാവുന്ന കഥയാണ് ഈ സിനിമ  നിങ്ങളുടെ ടിക്കറ്റ്‌ ഇപ്പോള്‍ തന്നെ ബുക്ക്‌ ചെയ്യൂ! അഡ്വക്കറ്റ് ലൂയിസ് പോത്തനും വാസുകി അയ്യരും പ്രണയിച്ച് വിവാഹിതരായവരാണ്. വാസുകി ഒരു കഥകളി ആര്‍ട്ടിസ്റ്റും. ചിന്ത എന്നൊരു മകളും ദമ്പതിമാര്‍ക്കുണ്ട്. വളരെ സന്തോഷത്തോടെ കടന്നു പോകുന്ന കുടുംബത്തില്‍ വന്ന് ഭവിയ്ക്കുന്ന ഒരു അപ്രതീക്ഷിത സംഭവമാണ് സിനിമയെ മുന്നോട്ട് നയിക്കുന്നത്. സാധാരണ ഒരു കുടുംബത്തില്‍ നടക്കുന്ന തമാശകളും മറ്റും കാണിച്ചുകൊണ്ടാണ് സിനിമ തുടങ്ങുന്നത് ഒരു സസ്പന്‍സോടെ ഒന്നാം പകുതി അവസാനിക്കുമ്പോള്‍ പ്രേക്ഷക മനസ്സില്‍ ഒരുപാട് സംശയങ്ങളുണ്ടാവും. പക്ഷെ അതിന്റെ ഓരോന്നിന്റെയും ചുരുളുകള്‍ അഴിക്കുന്നതാണ് രണ്ടാം പകുതി. വലിയ ഒരു പുതുമ സിനമയില്‍ കൊണ്ട് വരാന്‍ എകെ സാജനു പറ്റിയൊ എന്നത് ഒരു ചോദ്യമാണ്. ഇത്‌പോലെ ഉള്ള കഥകള്‍ മുന്‍പേ കണ്ടിടുണ്ട് എന്ന് തോന്നിപ്പിയ്ക്കുന്ന രണ്ടാം പകുതിയിലെ തുടക്കം. അതിനുശേഷം ഒരു പക്ഷെ ഏറ്റവും മികച്ച അവതരണത്തിലൂടെ കഥ ഒരു കിടിലന്‍ ത്രില്ലറായി മാറുന്നു. ഗംഭീര ക്ലൈമാക്‌സോടെ പരിസമാപ്തി. ത്രില്ലര്‍ ചിത്രങ്ങളില്‍ തന്നെ വെല്ലാന്‍ മറ്റൊരാളില്ലെന്ന് ഒരിക്കല്‍ കൂടെ ഏകെ സാജന്‍ തെളിയിക്കുന്നു. ആദ്യ പകുതിയിലെ ചില വികലമായ നര്‍മ രംഗങ്ങളും മറ്റുമൊഴിച്ചാല്‍ തുടക്കം മുതല്‍ അവസാനം വരെ പ്രേക്ഷകരെ എന്‍ഗേജ് ചെയ്യ്ക്കുന്നുണ്ട് സിനിമ. പക്ഷെ അതിനെയൊക്കെ മറികടക്കാന്‍ ക്ലൈമാക്‌സ് രംഗത്ത് കഴിയുന്നു. അഭിനയത്തിലേക്ക് വരുമ്പോള്‍, മമ്മൂട്ടിയെ കുറിച്ച് പറയേണ്ടതില്ലല്ലോ. ലുക്ക് പോലെ തന്നെ തകര്‍പ്പന്‍ അഭിനയം. സംഭാഷണങ്ങളുടെ കാര്യത്തിലൊക്കെ പണ്ടുമുതലേ പയറ്റി തെളിഞ്ഞതാണ്. പത്തേമാരി എന്ന ചിത്രത്തിന് ശേഷം പ്രേക്ഷകരെ ഒട്ടും നിരാശപ്പെടുത്തിയില്ല മമ്മൂട്ടി. കരിയറിലെ ഏറ്റവും മികച്ച വേഷം തന്നെയാണ് മമ്മൂട്ടിയുടെ അഡ്വ. ലൂയിസ് പോത്തന്‍. നയന്‍താരയുമായുള്ള കെമിസ്ട്രി ചിത്രത്തിന് നിറം നല്‍കുന്നു. തെന്നിന്ത്യയൂടെ സൂപ്പര്‍ലേഡിയും ഒട്ടും നിരാശപ്പെടുത്തിയില്ല. കഥാപാത്രത്തിന്റെ പക്വത ഉള്‍ക്കൊണ്ടു കൊണ്ടാണ് നയന്‍ വാസുകി അയ്യരെ അവതരിപ്പിച്ചത്. എസ് എന്‍ സ്വാമിയുടെ സര്‍പ്രൈസ് സാന്നിധ്യവും മാറ്റു കൂട്ടി. ഷോട്ടുകള്‍ കുറവാണെങ്കിലും അജുവും നിരാശപ്പെടുത്തിയില്ല. രചന നാരായണന്‍ കുട്ടി, പ്രദീപ് കോട്ടയം, ഷീലു എബ്രഹാം തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിയ്ക്കുന്നത്. റോബി വര്‍ഗീസ് രാജിന്റെ ഛായാഗ്രഹണത്തെ സംശയിച്ചവര്‍ അഭിപ്രായം മാറ്റിക്കൊള്ളൂ. സിനിമയ്ക്ക് പറ്റിയ പശ്ചാത്തലം ഒരുക്കാന്‍ അദ്ദേഹത്തിന്റെ ക്യാമറയ്ക്ക് കഴിഞ്ഞു. ഒരേ സമയം ചിത്രത്തെ ഒരു ക്രൈം ത്രില്ലറായും, കുടുംബ ചിത്രമായും നിലനിര്‍ത്തിയതില്‍ ഛായാഗ്രഹകന്റെ മികവ് വളരെ വലുതാണ്. വിവേക് ഹര്‍ഷന്റെ എഡിറ്റിങും അതിന് സഹായിച്ചു. ഗാനങ്ങളിലേക്ക് കടക്കുമ്പോള്‍ വിനു തോമസും തന്റെ ഭാഗം ഭംഗിയാക്കി. പക്ഷെ പാട്ടുകള്‍ ഓര്‍ത്തുവയ്ക്കപ്പെടുമോ എന്ന് ചോദിച്ചാല്‍ ഉറപ്പില്ല. ഗോപി സുന്ദറിന്റെ പശ്ചാത്തല സംഗീതവും സിനിമയുടെ മൂഡിന് യോജിച്ചു നിന്നു. പക്ഷെ ചില പ്രത്യേക സാഹചര്യത്തിലൊക്കെ ആവര്‍ത്തനം അനുഭവപ്പെട്ടു. ഒറ്റവാക്കില്‍ പറഞ്ഞാല്‍ അഭിനയ മികവുകൊണ്ടും അവതരണ മികവുകൊണ്ടും ഒരു പടി മുന്നില്‍ നില്‍ക്കുന്ന കുടുംബ ചിത്രം. കാണാതെ വിട്ടുകളയരുത്.