ഈ കുടുംബത്തിന് വേണം കാരുണ്യമതികളുടെ കൈത്താങ്ങ്

കൊയിലാണ്ടി: മക്കളില്‍ മൂന്നുപേരും ഭിന്നശേഷിക്കാര്‍. ഓട്ടോയോടിച്ച് ജീവിതം പുലര്‍ത്തിയിരുന്ന ഗൃഹനാഥനും ഭാര്യയും അസുഖബാധിതര്‍. നടുവത്തൂര്‍ വലിയടുത്ത് സുരേന്ദ്രന്റെയും ശ്യാമളയുടെയും കുടുംബത്തിന്റെ ദയനീയാവസ്ഥ ആരേയും നൊമ്പരപ്പെടുത്തുന്നത്.
മൂത്ത മകന്‍ അശ്വിന് 25 വയസ്സായി. ജന്മനാതന്നെ അശ്വിന്‍ അസുഖബാധിതനായിരുന്നു. എഴുന്നേറ്റു നടക്കാനോ സംസാരിക്കാനോ കഴിയാത്ത അവസ്ഥയിലാണ് അശ്വിന്‍. രണ്ടാമത്തെ മകന്‍ അഖിലിന് 23 വയസ്സുണ്ട്. അവനും ഭിന്നശേഷിക്കാരനാണ്. പതിനഞ്ചുകാരനായ മൂന്നാമത്തെ മകന്‍ അശ്തോഷിനും സംസാരിക്കാനും ആശയവിനിമയം നടത്താനും പ്രയാസമുണ്ട്.

അശ്തോഷ് നടുവത്തൂര്‍ ശ്രീവാസുദേവാശ്രമം ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ്. ഭിന്നശേഷിക്കാരെ പഠിപ്പിക്കുന്ന അധ്യാപികയുടെ സഹായത്തോടെയാണ് പഠനം. അശ്തോഷിന് നാലാം ക്ലാസ് മുതലാണ് സംസാരത്തില്‍ വിക്കനുഭവപ്പെട്ടുതുടങ്ങിയത്. മികച്ച ചികിത്സയും ശ്രദ്ധയും ലഭിച്ചാല്‍ മക്കളുടെ അസുഖം മാറ്റാമെന്ന് ഈ കുടുംബം കരുതുന്നു.

ഇപ്പോള്‍ ആയുര്‍വേദ ചികിത്സയാണ് നടത്തുന്നത്. കൊയിലാണ്ടി ടൗണിലും മുത്താമ്പിയിലും ഓട്ടോറിക്ഷയോടിച്ചു ലഭിക്കുന്ന തുച്ഛമായ വരുമാനം കൊണ്ടായിരുന്നു സുരേന്ദ്രന്‍ ഇതുവരെ ജീവിച്ചിരുന്നത്. എന്നാല്‍ കാല്‍മുട്ടിന് അടുത്തകാലത്ത് നടത്തിയ ഓപ്പറേഷനെത്തുടര്‍ന്ന് ഓട്ടോയോടിക്കാനൊന്നും സുരേന്ദ്രനിപ്പോഴാകുന്നില്ല.

ഭാര്യ ശ്യാമളയ്ക്ക് ജോലിയില്ല. പലരുടെയും സഹായംകൊണ്ട് ചെറിയൊരു വീടുണ്ടാക്കിയെങ്കിലും പണി പൂര്‍ത്തിയായിട്ടില്ല. വീട് വെക്കാന്‍ കീഴരിയൂര്‍ ഗ്രാമപ്പഞ്ചായത്ത് 50,000 രൂപ അനുവദിച്ചിരുന്നു. കുട്ടികളുടെ തുടര്‍ ചികിത്സയ്ക്കും ദൈനംദിന ജീവിതത്തിനും സുരേന്ദ്രന് കാരുണ്യമതികളുടെ കൈത്താങ്ങ് വേണം.
