KOYILANDY DIARY.COM

The Perfect News Portal

ഇറാഖി കമ്മ്യൂണിസ്‌റ്റ്‌ പാര്‍ടിയുടെ കേന്ദ്ര ആസ്‌ഥാനത്ത്‌ ബോംബാക്രമണം

ബാഗ്‌ദാദ്‌: ഇറാഖി കമ്മ്യൂണിസ്‌റ്റ്‌ പാര്‍ടിയുടെ കേന്ദ്ര ആസ്‌ഥാനത്ത്‌ ബോംബാക്രമണം. തലസ്‌ഥാനമായ ബാഗ്‌ദാദിലുള്ള ആസ്‌ഥാന മന്ദിരത്തിന്റെ പൂന്തോട്ടത്തിലേക്ക്‌ ബോംബ്‌ വലിച്ചെറിയുകയായിരുന്നു. ആക്രമണത്തില്‍ മൂന്ന്‌ പേര്‍ക്ക്‌ പരിക്കേറ്റു. ഇരട്ട ബോംബാക്രമണമാണുണ്ടായത്‌. അടുത്തിടെ ഇറാഖില്‍ നടന്ന പൊതുതെരഞ്ഞെടുപ്പില്‍ ഇറാഖി കമ്മ്യൂണിസ്റ്റ് പാര്‍ടി ചരിത്ര വിജയം നേടിയിരുന്നു. അമേരിക്കന്‍ അധിനിവേശത്തിനെതിരെ പ്രക്ഷോഭം നയിച്ച‌ അല്‍ സദറിന്റെ സദറിസ്‌റ്റ്‌ സഖ്യത്തിനൊപ്പമായിരുന്നു കമ്മ്യൂണിസ്‌റ്റ്‌ പാര്‍ടിയും. ഇതാണ്‌ ആക്രമണത്തിന്‌ കാരണമെന്ന്‌ കരുതുന്നു.

ഇറാഖിലെ അഴിമതിക്കും വിദേശഇടപെടലുകള്‍ക്കും അറുതിവരുത്താന്‍ ശ്രമിക്കുന്ന സദറിസ്‌റ്റ സഖ്യത്തിനുള്ള എതിരാളികളുടെ സന്ദേശമാണ്‌ ബോംബാക്രമണമെന്ന്‌ കമ്മ്യൂണിസ്‌റ്റ്‌ നേതാവ്‌ ജാസ്‌മിന്‍ ഹെഫി പ്രതികരിച്ചു.

അമേരിക്കക്ക്‌ അയല്‍ രാജ്യങ്ങളെ ആക്രമിക്കാനുള്ള ഇടതാവളമായി ഇറാഖിനെ വിട്ടുകൊടുക്കില്ലെന്നും അമേരിക്കന്‍ നയതന്ത്ര പ്രതിനിധികളല്ലാത്ത എല്ലാവരേയും തങ്ങള്‍ പുറംതള്ളുമെന്നും സദറിസ്‌റ്റ്‌ വക്‌താവ്‌ സിയ അല്‍ അസദ്‌ വ്യക്‌തമാക്കി.

Advertisements

ഇറാഖില്‍ പുരോഗമനപക്ഷത്തുള്ള ഷിയ പുരോഹിതന്‍ മുഖ‌്താദ അല്‍ സദറിന്റെ നേതൃത്വത്തിലുള്ള അമേരിക്കന്‍ വിരുദ്ധചേരിയായ സദറിസ്റ്റ് സഖ്യത്തിനൊപ്പമാണ്‌ കമ്മ്യുണിസ്‌റ്റ്‌ പാര്‍ടി. സഖ്യത്തില്‍ കമ്യൂണിസ്റ്റ‌് പാര്‍ടിയടക്കം ആറ‌് മതനിരപേക്ഷ കക്ഷികള്‍ ഉള്‍പ്പെടുന്നു. ഷിയാകളുടെ പുണ്യനഗരമായ നജാഫില്‍നിന്നടക്കം രണ്ടുവനിതകളെ ആദ്യമായി കമ്യൂണിസ്റ്റ‌് പാര്‍ടി പാര്‍ലമെന്റിലെത്തിച്ചത്‌ ഈ തെരഞ്ഞെടുപ്പിലാണ്‌. ഇതെല്ലാമാണ്‌ എതിരാളികളെ പ്രകോപിപ്പിച്ചത്‌.

1934ല്‍ സ്ഥാപിതമായ കമ്മ്യൂണിസ്റ്റ്‌ പാര്‍ടിക്ക്‌ ഇതാദ്യമായാണ്‌ ഇറാഖി പാര്‍ലമെന്റില്‍ പ്രാതിനിധ്യമുണ്ടാകുന്നത്‌.നജാഫില്‍ വനിതയായ സുഹാബ് അല്‍ ഖതീബും ദിഖറില്‍ ഹൈഫ അല്‍ അമീനുമാണ്‌ വിജയിച്ചത്‌.

Share news

Leave a Reply

Your email address will not be published. Required fields are marked *