ഇരുപത്തിനാല് മണിക്കൂര്‍ കഥാപ്രസംഗം അവതരിപ്പിച്ച് റെക്കോഡ് സ്വന്തമാക്കി നിരണം രാജന്‍

തിരുവല്ല: ഇരുപത്തിനാല് മണിക്കൂര്‍ തുടര്‍ച്ചയായി വിഷ്വല്‍ കഥാപ്രസംഗം അവതരിപ്പിച്ച് റെക്കോഡ് സ്വന്തമാക്കി കാഥികന്‍ നിരണം രാജന്‍. ചെറായി ബീച്ച് റോഡില്‍ വലിയ കുന്നം ഗ്രൗണ്ടില്‍ നടന്ന പരിപാടിയിലാണ് അദ്ദേഹം റെക്കോഡ് കരസ്ഥമാക്കിയത്. ചടങ്ങില്‍ യുണിവേഴ്സല്‍ റെക്കോഡ്സ് ഫോറം അധികൃതര്‍ അംഗീകാര പത്രം കൈമാറി. കഥയും കഥപറച്ചിലും കാലഘട്ടത്തിനൊത്ത് പരിഷ്കരിച്ചാണ് ഈ കലയെ രാജന്‍ പുതുതലമുറയ്ക്ക് അവതരിപ്പിക്കുന്നത്.
വിഷ്വല്‍ കഥാപ്രസംഗം എന്ന നൂതന സങ്കേതികത്തിലൂടെയുള്ള കഥപറച്ചിലിന് മികച്ച പ്രതികരണമാണ് ഇപ്പോള്‍ ലഭിക്കുന്നത്. നിരണം പനയ്ക്കാമറ്റം പി എസ് കുര്യാക്കോസിന്റെയും ഏലിയാമ്മയുടെയും അഞ്ച്മക്കളില്‍ നാലാമനായി ജനിച്ച നിരണം രാജന് കഥാപ്രസംഗം ഉപാസനയാണ്.

പിതാവിന്റെ പാത പിന്‍ തുടര്‍ന്ന് പാടാന്‍ തുടക്കമിട്ട രാജന്‍ ക്രമേണ കാഥികനായി ചുവടുറപ്പിച്ചു. കഥാപ്രസംഗവുമായി വേദികളില്‍ നിന്ന് വേദികളിലേക്ക് നടന്നുനീങ്ങുന്ന നിരണം രാജന് ഭാര്യ സിസിലിയും, മക്കളായ അരുണ്‍രാജ്, അനുരാജ് എന്നിവരും പ്രോത്സാഹനവുമായി ഒപ്പമുണ്ട്. തപസ്യാ കലാസാംസ്കാരിക വേദിയുടെ സജീവ പ്രവര്‍ത്തകന്‍ കൂടിയാണ് നിരണം രാജന്‍.

