ഇന്നലെ വീശിയടിച്ച ശക്തമായ കാറ്റില്‍ താഴെഅങ്ങാടി പ്രദേശത്ത് വ്യാപക നാശം

വടകര: വടകരയില്‍ ഇന്നലെ വീശിയടിച്ച ശക്തമായ കാറ്റില്‍ താഴെഅങ്ങാടി പ്രദേശത്ത് വ്യാപക നാശം. ഇന്നലെ പുലര്‍ച്ചെ മൂന്നുമണിയോടെയാണ് കാറ്റടിച്ചത്. വടകരയിലെ പുരാതനമായ ജുമുഅത്ത് പള്ളിയുടെ ഒരുഭാഗത്തെ ഓടുകള്‍ മുഴുവനും കാറ്റില്‍ പറന്നുപോയി. മുകളിലത്തെ ഓടുകള്‍ പറന്നുവീണ് താഴ്ഭാഗവും നശിച്ചു. മൂന്നു ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് പള്ളിയില്‍ മാത്രം ഉണ്ടായത്.
വടകര തണലിന് പിന്‍വശത്തുള്ള പി.പി മൊയ്തു ഹാജിയുടെ വീടിന്റെ ഓടുകളും പറന്നുപോയി. മുറിയില്‍ ഘടിപ്പിച്ച എ.സി തകര്‍ന്നുവീണു. ഗുജറാത്തി അസോസിയേഷന് കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നു. ഈസ്റ്റേണ്‍ ഗോഡൗണിന്റെയും തണലിലിനു മുന്‍വശമുള്ള മറ്റൊരു ഗോഡൗണിന്റെയും മേല്‍ക്കൂരകള്‍ തകര്‍ന്നുവീണു. കടല്‍തീരത്ത് ഇലക്ട്രിക് പോസ്റ്റുകള്‍ തര്‍ന്നുവീണ് വൈദ്യുതി ബന്ധം നിലച്ചു.

എം.യു.എം സ്കൂളിനു സമീപം തെങ്ങുകള്‍ മുറിഞ്ഞുവീണു. സി.കെ നാണു എം.എല്‍.എ,നഗരസഭ ചെയര്മാന് കെ ശ്രീധരന് എന്നിവര്‍ സ്ഥലത്തെത്തി. പൊലിസും കെഎസ്ഇബി ഉദ്യോഗസ്ഥരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.

സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രൊഫ കെ.കെ മഹമൂദ് നേതൃത്വം നല്കി. ഇന്ത്യന്‍ റെഡ്ക്രോസ് സൊസൈറ്റി അംഗങ്ങളായ സി ഉബൈദ്, ടി.കെ താജുദ്ദീന് എന്നിവര്‍ സേവന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു.

