ഇന്നലെ മുതല്‍ കാണാതായ പൊലീസുകാരന്റെ മൃതദേഹം കണ്ടെടുത്തു

പാലക്കാട്: ഇന്നലെ മുതല്‍ കാണാതായ സിവില്‍ പൊലീസുകാരന്റെ മൃതദേഹം കണ്ടെടുത്തു. കസബ പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസര്‍ കണ്ണാടി പാണ്ടിയോട് കൃഷ്ണ കൃപയില്‍ റെനില്‍ (42) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ മുതല്‍ ഇയാളെ കാണാതായിരുന്നു. നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് രാവിലെ അഞ്ചരയ്ക്ക് വടക്കന്തറയിലെ പൊലീസ് ക്വാര്‍ട്ടേഴ്‌സിലേക്ക് തിരിച്ചതാണ്.
വയറുവേദനയുണ്ടെന്നും പോവുന്ന വഴി യാക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ കാണിച്ചു പോവുമെന്നും റിനില്‍ പറഞ്ഞതായി സഹപ്രവര്‍ത്തകര്‍ പറയുന്നു. ബന്ധു വീട്ടില്‍ ഇന്നലെ നടക്കുന്ന കല്ല്യാണത്തിന് നേരത്തെയെത്താന്‍ റിനിലിനോട് ഭാര്യ പറഞ്ഞിരുന്നു. രാവിലെ ഏറെ നേരമായിട്ടും റിനിലിനെ കാണാതായപ്പോള്‍ ഭാര്യ സ്റ്റേഷനില്‍ വിളിച്ച് അന്വേഷിക്കുകയായിരുന്നു.

തുടര്‍ന്ന് സൈബര്‍ സെല്ലിന്റെ അന്വേഷണത്തില്‍ റിനിലിന്റെ ഫോണ്‍ യാക്കര പുഴയോരത്തുണ്ടെന്ന് കണ്ടെത്തി. പൊലീസ് സംഘം പുഴയോരത്ത് എത്തിയപ്പോള്‍ റിനിലിന്റെ ബൈക്കും പേഴ്സും ഓഫായ മൊബൈല്‍ ഫോണും കണ്ടെത്തുകയായിരുന്നു.

ഫയര്‍ഫോഴ്‌സിന്റെ സ്‌കൂബാ ഡൈവിങ്ങ് ടീമാണ് തിരച്ചില്‍ നടത്തിയത്. തിങ്കളാഴ്ച്ചരാവിലെ പുനരാരംഭിച്ച തിരച്ചിലില്‍ യാക്കര പുഴയിലുള്ള തടയണയില്‍ നിന്നും മൃതദേഹം കണ്ടെത്തുകയായിരുന്നു.മൃതദേഹം ജില്ലാശുപത്രിയിലേക്ക് മാറ്റി.പോസ്റ്റുമാര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

