ഇന്ത്യന്‍ റെയില്‍വേയില്‍ വിരമിച്ചവര്‍ക്ക് 65 വയസ്സുവരെ പുനര്‍ നിയമനം

കോഴിക്കോട്: ഇന്ത്യന്‍ റെയില്‍വേയില്‍ വിരമിച്ചവര്‍ക്ക് 65 വയസ്സുവരെ പുനര്‍ നിയമനം നല്‍കാമെന്ന് ഉത്തരവ്. നിലവില്‍ 60 വയസ്സാണ് പെന്‍ഷന്‍ പ്രായം. അഞ്ചുവര്‍ഷത്തേക്ക് പുതിയ നിയമനം ഒഴിവാക്കുന്നതിന്റെ ഭാഗമായാണിത്. വിരമിച്ചവരെ 62 വയസ്സുവരെ തുടരാന്‍ അനുവദിച്ചുകൊണ്ടുള്ള ഒരുമാസം മുമ്പത്തെ ഉത്തരവ് ഭേദഗതി വരുത്തുകയായിരുന്നു. വിരമിക്കുമ്പോഴുള്ള ശമ്പളത്തില്‍ നിന്ന് പെന്‍ഷന്‍ കുറച്ചുള്ള തുകയാണ് ലഭിക്കുക.
ലക്ഷക്കണക്കിന് യുവജനങ്ങള്‍ തൊഴില്‍രഹിതരായിരിക്കുമ്പോഴാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡ് (ആര്‍ആര്‍ബി), റെയില്‍വേ റിക്രൂട്ട്മെന്റ് സെല്‍ (ആര്‍ആര്‍സി) മുഖേന പരീക്ഷ നടത്തിയാണ് റെയില്‍വേയില്‍ നിയമനം.

പുനര്‍നിയമനം നടപ്പാകുന്നതോടെ പുതിയ നിയമനങ്ങള്‍ ഉണ്ടാവില്ല. നിലവിലുള്ള ജീവനക്കാരുടെ പ്രൊമോഷന്‍, സ്ഥലംമാറ്റം എന്നിവയെയും പുനര്‍ നിയമനം പ്രതികൂലമായി ബാധിക്കും. ദൂരസ്ഥലങ്ങളിലുള്ളവര്‍ നാട്ടിലേക്ക് സ്ഥലംമാറ്റത്തിന് അപേക്ഷിച്ചിരിപ്പാണ്. വിരമിക്കുന്ന ഒഴിവില്‍ സ്ഥലംമാറ്റം പ്രതീക്ഷിച്ചിരുന്നവര്‍ക്ക് റെയില്‍വേ ബോര്‍ഡിന്റെ തീരുമാനം ഇരുട്ടടിയാകും. ഉയര്‍ന്ന തസ്തികകളില്‍ അഞ്ചുവര്‍ഷത്തേക്ക് സ്ഥാനക്കയറ്റവുമുണ്ടാകില്ല.

മൂന്നുലക്ഷത്തോളം ജീവനക്കാരുടെ കുറവ് ഇപ്പോള്‍തന്നെ റെയില്‍വേയിലുണ്ട്. റെയില്‍വേയില്‍ ഘട്ടംഘട്ടമായി സ്വകാര്യവല്‍ക്കരണം നടപ്പാക്കിവരികയാണ്. സ്റ്റേഷനുകള്‍ സ്വകാര്യവല്‍ക്കരിക്കുന്നതിന്റെ നടപടികള്‍ അന്തിമഘട്ടത്തിലാണ്. സ്റ്റേഷന്‍ മാസ്റ്റര്‍, ലോക്കോ പൈലറ്റ്, ഗാര്‍ഡ്, ടിക്കറ്റ് പരിശോധന തുടങ്ങിയ സുരക്ഷാ വിഭാഗങ്ങളിലടക്കം കരാര്‍ നിയമനം നടന്നുവരുന്നു.

പത്തുവര്‍ഷത്തിനിടെ ആറര ലക്ഷം സ്ഥിരം ജീവനക്കാരെയാണ് കരാറുകാരാക്കിയത്. 1974ല്‍ 18 ലക്ഷം ജീവനക്കാരുണ്ടായിരുന്നത് 13 ലക്ഷമായി കുറഞ്ഞു. ഇത് ഒമ്പതു ലക്ഷമാക്കാനാണ് നീക്കം. ഉത്തരവ് പിന്‍വലിക്കണമെന്ന് ദക്ഷിണ റെയില്‍വേ എംപ്ളോയീസ് യൂണിയന്‍ (ഡിആര്‍ഇയു) കേന്ദ്ര കമ്മിറ്റി ആവശ്യപ്പെട്ടു. പ്രതിഷേധ സൂചകമായി 18ന് പ്രധാന സ്റ്റേഷനുകളില്‍ നിരാഹാരവും ധര്‍ണയും നടക്കും.
