KOYILANDY DIARY.COM

The Perfect News Portal

ഇടുക്കി ഡാമില്‍ ട്രയല്‍റണ്‍ നടത്താന്‍ തീരുമാനം

തിരുവനന്തപുരം: കനത്തമഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ അണക്കെട്ടുകളില്‍ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നു. ഇടുക്കി ഡാമിലെ ജലനിരപ്പ് 2,399 ലേക്ക് അടുക്കുകയാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ ഡാമില്‍ ട്രയല്‍ റണ്‍ നടത്താന്‍ തീരുമാനമായി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.

ഡാമിന്റെ അഞ്ച് ഷട്ടറുകളില്‍ മൂന്നാം നമ്ബര്‍ ഷട്ടര്‍ 50 സെന്റീമീറ്ററാണ് ഉയര്‍ത്തുന്നത്. സെക്കന്റില്‍ 50,000 ലിറ്റര്‍ വെള്ളമാണ് ഇങ്ങനെ ഒഴുക്കിവിടുന്നത്.

ട്രയല്‍ റണ്‍ നടത്താന്‍ തീരുമാനിച്ചതായി വൈദ്യുതിമന്ത്രി എംഎം മണി റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ചു. രാവിലെ 11 മണിക്ക് ഡാമിന്റെ ഒരു ഷട്ടര്‍ തുറന്നാണ് ട്രയല്‍ നടത്തുന്നത്. ട്രയല്‍ റണ്‍ നടത്തുന്നതിന് വേണ്ട മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടെന്നും പരിഭ്രാന്തിയുടെ ആവശ്യം ഇല്ലെന്നും മന്ത്രി വ്യക്തമാക്കി.

Advertisements

ഇടുക്കി ഡാമിന്റെ പരമാവധി സംഭരണശേഷി 2,403 അടിയാണ്. നിലവിലെ ജലനിരപ്പ് 2,398.81 ആണ്. ജലനിരപ്പ് 2,397 അടിയാകുമ്ബോള്‍ ട്രയല്‍ റണ്‍ നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇടയ്ക്ക് മഴ കുറയുകയും ജലനിരപ്പ് ചെറിയതോതില്‍ താഴുകയും ചെയ്തതോടെ ട്രയല്‍ റണ്ണിന്റെ ആവശ്യം ഉണ്ടായിരുന്നില്ല. എന്നാല്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളായി വീണ്ടും കനത്തമഴയില്‍ സംസ്ഥാനം മുങ്ങി. ഇടുക്കിയിലും ശക്തമായ മഴയാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി പെയ്യുന്നത്. ഇതോടെ നിരൊഴുക്ക് വര്‍ധിക്കുകയും ഡാമിലെ ജലനിരപ്പ് വളരെപ്പെട്ടെന്ന് ഉയരുകയുമായിരുന്നു.

കൂടാതെ ഇടമലയാര്‍ ഡാം അതിന്റെ പരമാവധി ശേഷിയിലെത്തിക്കഴിഞ്ഞതോടെ ഡാമിന്റെ ഷട്ടറുകള്‍ തുറന്നിട്ടുണ്ട്. വ്യാഴാഴ്ച രാവിലെ അഞ്ച് മണിക്കാണ് ഷട്ടറുകള്‍ തുറന്നത്. സെക്കന്റില്‍ 600 ഘനയടി വെള്ളമാണ് ഒഴിക്കിക്കളയുന്നത്. എന്നിട്ടും ഡാമിലെ ജലനിരപ്പില്‍ കാര്യമായ കുറവ് വന്നിട്ടില്ല. അതിനാല്‍ ഒഴുക്കുന്ന വെള്ളത്തിന്റെ അളവില്‍ വര്‍ധന വരുത്താനാണ് അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്.

Share news

Leave a Reply

Your email address will not be published. Required fields are marked *