ആഴക്കടലില്‍ കണ്ട ഫൈബര്‍ വള്ളം മത്സ്യബന്ധനത്തിന് പോയ തൊഴിലാളികള്‍ തീരത്തെത്തിച്ചു

പയ്യോളി: തീരത്തുനിന്ന് 50 കിലോമീറ്റര്‍ അകലെ ആഴക്കടലില്‍ കണ്ട ഫൈബര്‍ വള്ളം മത്സ്യബന്ധനത്തിന് പോയ തൊഴിലാളികള്‍ തീരത്തെത്തിച്ചു. കന്യാകുമാരി സ്വദേശികളായ നാല് മത്സ്യത്തൊഴിലാളികളാണ് സാഹസികമായി ഈ വള്ളം അയനിക്കാട് നര്‍ത്തന കലാലയത്തിന് സമീപമുള്ള തീരത്ത് എത്തിച്ചത്.
ക്രൈസ്റ്റ് കിങ് എന്നുപേരുള്ള ഈ വള്ളം ഓഖി ദുരന്തത്തില്‍പ്പെട്ടതാണെന്ന് സംശയിക്കുന്നു. ഇതിനകത്തുണ്ടായിരുന്ന കാനില്‍നിന്ന് തുലവിള റുബര്‍ട്ട് മാര്‍ട്ടിന്‍ എന്ന ഇരുപത്തഞ്ചുകാരന്റെ ഇലക്ഷന്‍ ഐ.ഡി. കാര്‍ഡ് കിട്ടിയിട്ടുണ്ട്. വിഴിഞ്ഞം കോട്ടപ്പുറമാണ് വിലാസം. കാന്‍ വള്ളത്തില്‍ കെട്ടിയിട്ട നിലയിലായിരുന്നു. കാര്‍ഡ് തൊഴിലാളികള്‍ പയ്യോളി എസ്.ഐ. കെ. സുമിത്കുമാറിന് കൈമാറി.

മുക്കാല്‍ഭാഗവും മുങ്ങിയ നിലയിലായിരുന്നു വള്ളം. വള്ളത്തിന്റെ ഏതെങ്കിലും ഭാഗമാണെന്നുകരുതി പരിശോധിച്ചപ്പോഴാണ് ശരിയായ ഫൈബര്‍വള്ളമാണെന്ന് മനസ്സിലായത്. ഇതോടെ മീന്‍പിടിത്തം ഉപേക്ഷിച്ച് ടി. മജിലന്‍, എ. ആന്റോ, സി. സാജന്‍, എ. ജൂലിയസ് എന്നിവര്‍ കെട്ടിവലിച്ച് കൊണ്ടുവരികയായിരുന്നു. കാര്യമായ തകരാറൊന്നും വള്ളത്തിന് പറ്റിയിട്ടില്ല.

