ആര്യക്കെതിരായ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് കെ മുരളീധരന്‍
മേയര്‍ ആര്യക്കെതിരായ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് കെ. മുരളീധരന്‍ എം പി. ആര്യ രാജേന്ദ്രന്‍ പൊലീസില്‍ പരാതി നല്‍കിയതിന് തൊട്ട് പിന്നാലെയാണ് ഖേദ പ്രകടനവുമായി മുരളീധരന്‍ രംഗത്തെത്തിയത്. തൻ്റെ പ്രസ്താവന മേയര്‍ക്ക് മാനസിക ബുദ്ധിമുട്ടുണ്ടാക്കിയിട്ടുണ്ടെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും കെ.മുരളീധരന്‍ പറഞ്ഞു

അധിക്ഷേപകരമായ പരാമര്‍ശവുമായി ബന്ധപ്പെട്ട് കെ. മുരളീധരന്‍ എം.പിക്കെതിരെ ആര്യ പൊലീസില്‍ പരാതി നല്‍കിയിരുന്നു . മ്യൂസിയം പൊലീസ് സ്റ്റേഷനിലാണ് ആര്യാ രാജേന്ദ്രന്‍ പരാതി നല്‍കിയത്. കെ. മുരളീധരനെതിരെ കേസെടുക്കണമോ എന്ന കാര്യത്തില്‍ നിയമോപദേശം ലഭിച്ച ശേഷം തീരുമാനമെടുക്കുമെന്ന് പൊലീസ് പറഞ്ഞു.


ആര്യ രാജേന്ദ്രനെതിരെ കഴിഞ്ഞ ദിവസമാണ് കെ.മുരളീധരന്‍ വിവാദപരമായ പരാമര്‍ശം നടത്തിയത്. മേയര്‍ക്ക് സൗന്ദര്യം ഉണ്ടെങ്കിലും വായില്‍ നിന്ന് വരുന്നത് കൊടുങ്ങല്ലൂര്‍ ഭരണിപ്പാട്ടാണെന്നായിരുന്നു മുരളീധരൻ്റെ പരാമര്‍ശം.


