ആനയുടെ മുന്നില്‍ നിന്ന് സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച യുവാവിന് ദാരുണാന്ത്യം

ബംഗളൂരു: ആനയുടെ മുന്നില്‍ നിന്ന് സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച യുവാവിന് ദാരുണാന്ത്യം. ബംഗളൂരു ഹനുമന്തനഗര്‍ സ്വദേശി അഭിലാഷ് (27) ആണ് ബെന്നാര്‍ഗട്ട ബയോളജിക്കല്‍ പാര്‍ക്കിലെ ആനയുടെ കുത്തേറ്റ് മരിച്ചത്. പാര്‍ക്കിനു അവധി ദിവസമായ ചൊവ്വാഴ്ച അനനധികൃതമായാണ് അഭിലാഷ് സുഹൃത്തുക്കള്‍ക്കൊപ്പം പ്രവേശിച്ചതെന്ന് ബെന്നാര്‍ഗട്ട എസ്.ഐ നവീന്‍ പറഞ്ഞു.
ഇരുപതോളം ആനകളെ പാര്‍പ്പിച്ചിരിക്കുന്ന ഭാഗത്താണ് ഇവര്‍ അനധികൃതമായി പ്രവേശിച്ചത്. സുന്ദര്‍ എന്ന ആനക്കൊപ്പം നിന്ന് സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുമ്പോഴാണ് അഭിലാഷ് ആക്രമിക്കപ്പെടുന്നത്. സംഭവം കണ്ട സുഹൃത്തുക്കള്‍ ഓടി രക്ഷപ്പെട്ടു. അവിടെ വെച്ചു തന്നെ അഭിലാഷ് മരിച്ചു. വൈകീട്ട് ഏഴുമണിയോടെ പാര്‍ക്കിലെത്തിയ സുരക്ഷാ ജീവനക്കാരനാണ് അഭിലാഷിനെ കണ്ടത്.

ആനപ്രേമിയായ അഭിലാഷ് ആനകള്‍ക്കൊപ്പം നിന്ന് ഫോട്ടോ എടുക്കുന്നത് പതിവായിരുന്നു. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു. സുഹൃത്തുക്കളെ ചോദ്യം ചെയ്ത് വരുകയാണെന്നും പോലീസ് പറഞ്ഞു. 16 വയസുള്ള സുന്ദര്‍ അപകടകാരിയായതിനാല്‍ പ്രത്യേകം തയ്യാറാക്കിയ സ്ഥലത്താണ് പാര്‍പ്പിച്ചിരുന്നതെന്ന് പാര്‍ക്ക് ഡയറക്ടര്‍ സന്തോഷ് കുമാര്‍ പറഞ്ഞു.

