ആഗസ്റ്റ് ഒന്നുവരെ കനത്തമഴക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ ആഗസ്റ്റ് ഒന്നുവരെ കനത്തമഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇടുക്കിയുള്‍പ്പടെ ഏഴ് ജില്ലകളില്‍ ശക്തമായ കാറ്റോട് കൂടിയ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്നും നിര്‍ദ്ദേശം.
ഇടുക്കി, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട് തുടങ്ങി എഴ് ജില്ലകളില്‍ ആഗസ്റ്റ് ഒന്ന വരെ ശക്തമായ കാറ്റോട് കൂടിയ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നത്. ഏഴ് സെന്റിമീറ്റര്‍ മുതല്‍ പതിനൊന്ന് സെന്റീമീറ്റര്‍ വരെ മഴയുണ്ടാകും. നിലവില്‍ മണിക്കൂറില്‍ 45 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് ശക്തി പ്രാപിച്ചിട്ടുണ്ട്.

അതിനാല്‍ കേരളാ ലക്ഷദ്വീപ് തീരത്തുള്ളവര്‍ മത്സ്യബന്ധനത്തിനായി കടലിലേക്ക് പോകരുതെന്നാണ് നിര്‍ദ്ദേശം. ജനങ്ങള്‍ സര്‍ക്കാരിന്റെ കൃത്യമായ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചേപെരുമാറാവു എന്നും ജില്ലാകളക്ടര്‍മാര്‍ അറിയിച്ചു. നിലവില്‍ മഴക്കെടുതി കാരണം ജില്ലകളില്‍ പ്രവര്‍ത്തനമാരംഭിച്ച കണ്‍ട്രോള്‍റൂമുകളും ദുരിതാശ്വാസ ക്യാമ്ബുകളും പ്രവര്‍ത്തിക്കുന്നുണ്ട്.

എന്നാല്‍ പുതുതായി തുടങ്ങേണ്ടസാഹചര്യമില്ലെന്നും മഴക്കെടുതി നേരിടാന്‍ സര്‍ക്കാര്‍ സജ്ജമാണെന്നും മുഖ്യമന്ത്രിയുടെ ഒാഫീസ് അറിയിച്ചു. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് മുന്നില്‍ കണ്ട് ജില്ലാകളക്ടര്‍മാരോട് മുഖ്യമന്ത്രിയുടെ ഒാഫീസ് സ്ഥിതി വിവരങ്ങള്‍ വിലയിരുത്തുന്നുണ്ട്.

