അന്തര്‍സംസ്ഥാന വാഹനമോഷണ സംഘം പോലീസ് പിടിയിൽ

തലശേരി: അന്തര്‍സംസ്ഥാന വാഹനമോഷണ സംഘത്തിലെ മുഖ്യപ്രതിയും പിടികിട്ടാപ്പുള്ളിയുമായ വീരപ്പന് സലാം ഉള്‍പ്പെടെ രണ്ട് പേര് തലശേരിയില്‍ അറസ്റ്റില്‍. കോഴിക്കോട് ഫറൂഖ് കക്കാടിപ്പറന്പ് വീട്ടില്‍ അബ്ദുള്‍ സലാം എന്ന വീരപ്പന് സലാം (37), തമിഴ്നാട് തിരുനെല്‍വേലി ചെട്ടിക്കുളം പഞ്ചായത്തിലെ രാജന് (41) എന്നിവരെയാണ് അതിസാഹസികമായി തലശേരി സിഐ എം.പി. ആസാദ്, പ്രിന്‍സിപ്പല്‍ എസ്ഐ എം. അനില്‍, ന്യൂമാഹി എസ്ഐ പി.കെ. സുമേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
മലപ്പുറത്ത് നിന്നും വാടകയ്ക്ക് എടുത്ത ഇന്നോവ കാറില്‍ മാരകായുധങ്ങളുമായി തലശേരിയില്‍ വാഹനക്കൊള്ള ലക്ഷ്യമാക്കി വന്ന സംഘത്തെ ഇന്നു പുലര്‍ച്ചെ മാഹി പാലത്തിനു സമീപം വച്ച് സംശയം തോന്നിയ പോലീസ് വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും പോലീസിനെ വെട്ടിച്ച് വാഹനം കടന്നുകളയുകയായിരുന്നു. തുടര്‍ന്ന് തലശേരി പഴയ ബസ്റ്റാന്‍ഡില്‍ വച്ച് ഇന്നു പുലര്‍ച്ചെ 2.30ഓടെ സിനിമാ സ്റ്റൈലില്‍ പോലീസ് വാഹനം തടയുകയായിരുന്നു. വാഹനത്തില്‍നിന്ന് ഇറങ്ങി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ഇവരെയും ബലപ്രയോഗത്തിലൂടെയാണ് കീഴടക്കിയത്. തുടര്‍ന്ന് പോലീസ് സ്റ്റേഷനില്‍ എത്തിച്ച് നടത്തിയ ചോദ്യം ചെയ്യലിലൂടെയാണ് പിടിയിലായത് അന്തര്‍സംസ്ഥാന കവര്‍ച്ച, മയക്കുമരുന്ന് സംഘത്തിലെ അംഗങ്ങളാണെന്ന് മനസിലായത്. ഇന്നോവ കാറില്‍നിന്ന് നൂറുകണക്കിന് താക്കോല്‍ക്കൂട്ടങ്ങളും ആക്സോ ബ്ലേഡും ഹാര്‍മറും വിവിധ തരത്തിലുള്ള സ്ക്രൂഡ്രൈവറും കണ്ടെടുത്തു.

വീരപ്പന് സലാമിനെതിരേ പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസര്‍ഗോഡ്, തലശേരി എന്നിവിടങ്ങളില്‍ ഉള്‍പ്പെടെ നിരവധി കേസുകള്‍ ഉള്ളതായി പോലീസ് പറഞ്ഞു. ടോറസ് ഉള്‍പ്പെടെയുള്ള വലിയ ലോറികള്‍ മോഷ്ടിച്ചെടുത്ത് കോയന്പത്തൂരില്‍ കൊണ്ടുപോയി പൊളിച്ചുവില്‍ക്കുകയാണ് ഇവര്‍ ചെയ്യുന്നത്. നിരവധി മയക്കുമരുന്ന് കേസുകളില്‍ പ്രതിയായ രാജന് അതിമാരകമായ മയക്കുമരുന്നുമായി അരീക്കോട് പിടിയിലായിരുന്നു. ജയിലില്‍ വച്ചാണ് ഇരുവരും ചങ്ങാത്തത്തിലായത്. നല്ല ഡ്രൈവര്‍ ആയ രാജനെ മോഷ്ടിക്കുന്ന വലിയ ലോറികള്‍ ഓടിക്കുന്നതിനാണ് കൂടെ കൂട്ടിയത്. ഇരുവരെയും പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.

