അമ്മയുടെ കാമുകന്റെ ക്രൂര മര്‍ദ്ദനത്തിനിരയായ കുട്ടിക്ക് അമ്മയില്‍ നിന്ന് വീണ്ടും മര്‍ദ്ദനം

കട്ടപ്പന: ഇടുക്കി ഉപ്പുതറയില്‍ അമ്മയുടെ കാമുകന്റെ ക്രൂര മര്‍ദ്ദനത്തിനിരയായ കുട്ടിക്ക് വീണ്ടും മര്‍ദ്ദനം. അമ്മയില്‍ നിന്നുമാണ് കുട്ടിക്ക് ഇത്തവണ മര്‍ദ്ദനമേറ്റത്. കേസില്‍ പ്രതിയായ അമ്മ റിമാന്‍ഡിലായിരുന്നു. ജയിലില്‍ പോകാന്‍ കാരണം കുട്ടിയാണെന്ന് പറഞ്ഞായിരുന്നു അമ്മയുടെ മര്‍ദ്ദനം. ജാമ്യത്തില്‍ ഇറങ്ങി വീട്ടില്‍ എത്തിയ അമ്മ ക്രൂരമായി മര്‍ദിച്ചെന്നാണ് പരാതി. പരിക്കേറ്റ കുട്ടി ഉപ്പുതറ ആശുപത്രിയില്‍ ചികിത്സയിലാണ്.
മെയ് 13 നാണ് കുട്ടിക്ക് അമ്മയുടെ കാമുകനില്‍ നിന്ന് മര്‍ദ്ദനമേറ്റത്. ഇതേ തുടര്‍ന്ന് പത്തേക്കര്‍ സ്വദേശി അനീഷിനെയും കുട്ടിയുടെ അമ്മയെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കാമുകന്‍ കുട്ടിയെ മര്‍ദിച്ചപ്പോള്‍ ഇവര്‍ പ്രതികരിച്ചില്ലെന്ന് പരാതി ഉയര്‍ന്നിതിനെ തുടര്‍ന്നാണ് അമ്മയെ അറസ്റ്റ് ചെയ്തത്. അമ്മയുടെ രഹസ്യബന്ധം അച്ഛന്റെ വീട്ടുകാരെ അറിയിക്കുമെന്ന് പറഞ്ഞതിനാണ് കുട്ടിയെ അമ്മയുടെ കാമുകന്‍ അനീഷ് ചൂരല്‍ കൊണ്ട് ക്രൂരമായി മര്‍ദിച്ചത്.

കുട്ടിയുടെ വല്യമ്മയുടെ പരാതിയിലാണ് പൊലീസ് കേസ് എടുത്തതും അനീഷിനെ അറസ്റ്റ് ചെയ്തത്. കുട്ടിയും സഹോദരിമാരും ഇപ്പോള്‍ വല്ല്യമ്മയുടെ സംരക്ഷണയിലാണ്. മര്‍ദ്ദനമേറ്റ കുട്ടിയുടെ അച്ഛന്‍ തളര്‍വാതം വന്നു കിടപ്പിലായപ്പോള്‍ അമ്മ എട്ടും, അഞ്ചും, രണ്ടും വയസുള്ള പെണ്‍കുട്ടികളെയും കൊണ്ട് അനീഷിനൊപ്പം താമസം തുടങ്ങുകയായിരുന്നു. മര്‍ദ്ദനം സഹിക്കാതെ വന്നപ്പോള്‍ കുട്ടി വല്യമ്മമാരെ വിവരം അറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.

