KOYILANDY DIARY.COM

The Perfect News Portal

അമ്മയും മകളും കുത്തേറ്റ് മരിച്ച സംഭവത്തിന് കാരണമായത്‌ വഴിവിട്ട ബന്ധങ്ങളെന്ന് പോലീസ്

തൊടുപുഴ: പള്ളിവാസലിൽ അമ്മയും മകളും കുത്തേറ്റ് മരിച്ച സംഭവത്തിന് കാരണമായത്‌ വഴിവിട്ട ബന്ധങ്ങളെന്ന് പോലീസ്. പള്ളിവാസൽ രണ്ടാംമൈലിൽ താമസിക്കുന്ന ഏലത്തോട്ടം തൊഴിലാളി രാജമ്മ(60),മകൾ ഗീത(36) എന്നിവരാണ് കഴിഞ്ഞദിവസം കുത്തേറ്റ് മരിച്ചത്.

ഇരുവരെയും കൊലപ്പെടുത്തിയ ആറ്റുകാട് പന്ത്രണ്ട് മുറി ലയത്തിൽ താമസിക്കുന്ന പ്രഭു(34) കൃത്യം നടത്തിയ ശേഷം പോലീസ് സ്റ്റേഷനിൽ കീഴടങ്ങിയിരുന്നു. മരിച്ച ഗീതയും പ്രഭുവും തമ്മിലുണ്ടായിരുന്ന അവിഹിത ബന്ധത്തിലുണ്ടായ തർക്കങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് പറയുന്നത്. വിവാഹിതയായ ഗീത ഭർത്താവുമായി അകന്ന് മാതാവിനൊപ്പം താമസിക്കുന്നതിനിടെയാണ് കൂടെ ജോലി ചെയ്തിരുന്ന പ്രഭുവുമായി അടുപ്പത്തിലായത്.

അടുപ്പം പ്രണയമായി വളർന്നതോടെ ഗീത ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച് പ്രഭുവിനൊപ്പം പോയി. മൂന്നാറിൽ നിന്നും നാടുവിട്ട ഇരുവരും തമിഴ്നാട്ടിൽ മാസങ്ങളോളം ഒരുമിച്ച് താമസിച്ചിരുന്നു.

Advertisements

ഇരുവരും ഒരുമിച്ച് താമസിക്കുന്നതിനിടെ പ്രഭു മറ്റൊരു സ്ത്രീയുമായി അടുപ്പത്തിലായി. പിന്നീട് ഈ സ്ത്രീയെ വിവാഹം കഴിച്ച പ്രഭു ഗീതയെ ഉപേക്ഷിച്ച് ചെന്നൈയിലേക്ക് താമസം മാറ്റി. ഇതോടെ ഗീത തിരികെ മൂന്നാറിലേക്കെത്തി.

ഗീത പ്രഭുവിനൊപ്പം പോയതിന് പിന്നാലെ ഗീതയുടെ ആദ്യ ഭർത്താവ് മറ്റൊരു വിവാഹം കഴിച്ചിരുന്നു. എന്നാൽ ഗീത തിരികെ വന്നതോടെ ഇയാൾ രണ്ടാമത് വിവാഹം ചെയ്ത സ്ത്രീയെ ഉപേക്ഷിച്ചു.

രണ്ടാമത് വിവാഹം കഴിച്ച സ്ത്രീയെ ഉപേക്ഷിച്ച ആദ്യ ഭർത്താവ് വീണ്ടും ഗീതയോടൊപ്പം പള്ളിവാസലിൽ താമസമാരംഭിച്ചു.

ആദ്യ ഭർത്താവിനോടൊപ്പം താമസിച്ച് വരുന്നതിനിടെ ഗീത വീണ്ടും പ്രഭുവുമായി ബന്ധപ്പെടാൻ തുടങ്ങി. ഇതറിഞ്ഞ ആദ്യ ഭർത്താവും ഗീതയും തമ്മിൽ വഴക്കും പതിവായിരുന്നു.

ഇതിനിടെ ഗീത പ്രഭുവിനെ പള്ളിവാസലിലെ വീട്ടിലേക്ക് വിളിച്ചുവരുത്തി. കഴിഞ്ഞ ദിവസം പള്ളിവാസലിലെത്തിയ ഗീതയെ കാണാൻ അമ്മ രാജമ്മ പ്രഭുവിനെ ആദ്യം അനുവദിച്ചില്ല.

രാജമ്മയുടെ എതിർപ്പ് വകവെയ്ക്കാതെ വീട്ടിൽ കയറിയ പ്രഭു ഗീത പറഞ്ഞ കാര്യങ്ങളൊന്നും അംഗീകരിക്കാൻ കൂട്ടാക്കിയില്ല. ഇതോടെ ഇരുവരും തമ്മിൽ തർക്കത്തിലേർപ്പെട്ടു.

ഗീതയുമായി തർക്കം തുടരുന്നതിനിടെയാണ് കൈയിൽ കരുതിയിരുന്ന ഉളി ഉപയോഗിച്ച് പ്രഭു ആക്രമിച്ചത്. ആദ്യം ഗീതയെയും പിന്നീട് രാജമ്മയെയും മാരകമായി കുത്തി പരിക്കേൽപ്പിച്ച ശേഷം പ്രഭു സംഭവസ്ഥലത്ത് നിന്നും
കടന്നുകളഞ്ഞു. കൃത്യം നടത്തിയതിന് ശേഷം രക്ഷപ്പെടാൻ ശ്രമിക്കാതിരുന്ന പ്രതി വെള്ളത്തൂവൽ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയതോടെയാണ് സംഭവം പുറത്തറിയുന്നത്.

Share news

Leave a Reply

Your email address will not be published. Required fields are marked *