അബുദാബിക്കു പോകാനായി എത്തിയ ബാഗില്‍ ജീവനുള്ള വിഷപ്പാമ്പ്

നെടുമ്പാശേരി: അബുദാബിക്കു പോകാനായി എത്തിയ ബാഗില്‍ ജീവനുള്ള വിഷപ്പാമ്പ്. വളുവളുപ്പാന്‍ എന്ന പേരുള്ള ഘോര വിഷം ഉള്ള പാമ്പിനെ യാണ് ഇന്നലെ രാത്രി എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ പോകാനിരുന്ന യാത്രക്കാരന്റെ കൂര്‍ക്കാ പായ്ക്കറ്റില്‍ നിന്ന് സുരക്ഷാ പരിശോധനകള്‍ക്കിടെ കണ്ടെത്തിയത്. പരിശോധനക്കിടയില്‍ ബാഗില്‍ നിന്നു പാമ്പ് പുറത്തേക്കു ചാടുകയായിരുന്നു. ഉടന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ പാമ്പിനെ തല്ലിക്കൊന്നു.
അവധിക്കു നാട്ടിലെത്തി മടങ്ങുന്ന സുനില്‍ നാട്ടിന്‍പുറത്തെ കൃഷിയിടത്തില്‍ നിന്നു നേരിട്ടു വാങ്ങിയതാണ് കൂര്‍ക്ക. പായ്ക്കറ്റിലാക്കിയാണ് 2 കിലോഗ്രാം കൂര്‍ക്ക സുനിലിന് കൃഷിക്കാരന്‍ നല്‍കിയത്. സുനില്‍ വീട്ടിലെത്തി ഇതു മറ്റൊരു പായ്ക്കറ്റില്‍ കൂടി പൊതിഞ്ഞ് ഹാന്‍ഡ് ബാഗില്‍ വച്ചാണ് യാത്രയ്ക്കായി വിമാനത്താവളത്തിലെത്തിയത്.

പാലക്കാട് സ്വദേശി സുനില്‍ കാട്ടാക്കളത്തിന്റെ (40) യാത്രയാണു മുടങ്ങിയത്. ഇഴജന്തുക്കളെ വിദേശത്തേക്കു കൊണ്ടുപോകാന്‍ നിരോധനമുള്ളതിനാല്‍ സിഐഎസ്‌എഫ് അധികൃതര്‍ ഇയാളുടെ യാത്ര റദ്ദാക്കി. നെടുമ്പാശേരി പൊലീസിനു കൈമാറി.

