KOYILANDY DIARY.COM

The Perfect News Portal

അപ്നാ ദളും എന്‍ഡിഎ വിടുന്നു

ദില്ലി: ആര്‍എല്‍എസ്പിക്ക് പിന്നാലെ അപ്നാ ദളും എന്‍ഡിഎ വിടാന്‍ ഒരുങ്ങുന്നു. സംസ്ഥാന കേന്ദ്ര സര്‍ക്കാരുകളുടെ പരിപാടികളില്‍ നിന്ന് പാര്‍ട്ടി പ്രതിനിധികളെ ബോധപൂര്‍വം ഒഴിവാക്കുന്നതിലും കൂടുതല്‍ സീറ്റുകള്‍ നല്‍കണമന്ന ആവശ്യം പരിഗണിക്കാത്തതിലും പ്രതിഷേധിച്ചാണ് അപ്‌നാ ദള്‍ സഖ്യം വിടാന്‍ ഒരുങ്ങുന്നത്.

ഉത്തര്‍പ്രദേശില്‍ എസ്പി- ബിഎസ്പി സഖ്യം വന്നാല്‍ എന്‍ഡിഎയ്ക്ക് കേവല ഭൂരിപക്ഷം ലഭിക്കില്ലെന്ന കണക്കുകള്‍ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ഈ ആശങ്ക ബിജെപിയെ അലട്ടുന്നതിനിടയിലാണ് ഘടക കക്ഷിയുടെ പുതിയ നീക്കം.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയുടെ പരാജയം മുന്നില്‍കണ്ടാണ് അപ്നാദളും മുന്നണി വിടാനുള്ള ആലോചന സജീവമാക്കിയത്. ഉത്തര്‍പ്രദേശില്‍ ബിജെപിയുടെ ജൂനിയര്‍ സഖ്യകക്ഷിയാണ് അപ്നാദള്‍. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ പരിപാടികളില്‍ നിന്ന് അപ്നാദള്‍ പ്രതിനിധികളെ ഒഴിവാക്കുന്നത് തുടര്‍ക്കഥയായതോടെയാണ് ദളിന്റെ നീക്കം.

Advertisements

കേന്ദ്രമന്ത്രിസഭയിലെ ആരോഗ്യകുടുംബക്ഷേമ വകുപ്പ് സഹമന്ത്രിയായ അപ്നാദള്‍ നേതാവ് അനുപ്രിയ പട്ടേലിനെ പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും പരിപാടികളില്‍ നിന്നും തുടര്‍ച്ചയായി ഒഴിവാക്കുന്നു. ഉത്തര്‍പ്രദേശ് ബിജെപിയുടെ ഈ രീതി തിരുത്താന്‍ കേന്ദ്ര നേതൃത്വം തയ്യാറായില്ലെങ്കില്‍ ബിജെപിക്ക് ഉത്തര്‍പ്രദേശില്‍ വലിയ വില നല്‍കേണ്ടിവരുമെന്നാണ് അപ്നാദള്‍ അധ്യക്ഷന്‍ ആശിഷ് പട്ടേലിന്റെ മുന്നറിയിപ്പ്.

2014 ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച രണ്ട് സീറ്റുകളിലും അപ്നാദള്‍ വിജയിച്ചിരുന്നു. ഇത്തവണ കൂടുതല്‍ സീറ്റുകള്‍ വേണമെന്നാണ് ദളിന്റെ ആവശ്യം. എന്നാല്‍ ഈ അവകാശവാദത്തോട് ബിജെപി അനുകൂലമായി പ്രതികരിച്ചിട്ടില്ല. മുന്നണിവിടാനുള്ള അപ്നാ ദളിന്റെ നീക്കത്തിന് ഇക്കാരണവും വേഗത പകരും.

ഉത്തര്‍പ്രദേശിലെ മറ്റൊരു എന്‍ഡിഎ സഖ്യകക്ഷിയായ എസ്ബിഎസ്പിയും ബിജെപി സമീപനത്തില്‍ തൃപ്തരല്ല എന്ന് ആശിഷ് പട്ടേല്‍ പറയുന്നു. ഉത്തര്‍പ്രദേശില്‍ ബിഎസ്പി-എസ്പി സഖ്യം വന്നാല്‍ എന്‍ഡിഎയ്ക്ക് കേവല ഭൂരിപക്ഷം ലഭിക്കില്ല എന്ന് കഴിഞ്ഞ ദിവസം പുറത്തു വന്ന സര്‍വ്വേ ഫലം പറയുന്നു. ഇതിനിടെയാണ് ഉത്തര്‍പ്രദേശില്‍ തന്നെ സഖ്യത്തിന് വിള്ളലുണ്ടാകുന്നത്.

ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം നേടാന്‍ സാധിക്കില്ലെന്ന് ഉറപ്പായ ബിജെപിക്ക് സഖ്യകക്ഷികളും മുന്നണി വിട്ടാല്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ലഭിക്കുന്ന പ്രഹരം ചെറുതായിരിക്കില്ല.

Share news

Leave a Reply

Your email address will not be published. Required fields are marked *