അനധികൃത സ്വത്തുസമ്പാദനക്കേസില്‍ ശശികല കുറ്റക്കാരിയെന്ന് സുപ്രീംകോടതി

ഡല്‍ഹി > അനധികൃത സ്വത്തുസമ്പാദനക്കേസില്‍ എഐഎഡിഎംകെ ജനറല്‍സെക്രട്ടറി വി. കെ ശശികല കുറ്റക്കാരിയെന്ന് സുപ്രീംകോടതി വിധി. പകല്‍ 10.30ന് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് പി സി ഘോഷ് എന്നിവര്‍ അംഗങ്ങളായ ബെഞ്ചാണ് നിര്‍ണായക വിധി പുറപ്പെടുവിച്ചത്. വിചാരണ കോടതി വിധി സുപ്രുംകോടതി ശരിവെച്ചു. 4വര്‍ഷം തടവും പത്ത് കോടി രൂപ പിഴയുമാണ് ശിക്ഷ. പത്ത് വർഷം തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനും വിലക്കുണ്ട്. കേസില്‍ ജയലളിതയെയും മറ്റുള്ളവരെയും വെറുതെ വിട്ട കര്‍ണാടക ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ കര്‍ണാടക സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീലിലെ വിധിയാണ് പ്രഖ്യാപിച്ചത്. ശശികല നാല് ആഴ്ചക്കുള്ളില്‍ കീഴടങ്ങണമെന്നും വിധിയില്‍ പറയുന്നു. വിധി വന്നതോടെ ശശികലക്ക് മുഖ്യമന്ത്രി ആകാന്‍ സാധിക്കില്ല.
തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയായിരുന്നു കേസിലെ ഒന്നാം കുറ്റാരോപിത. എന്നാല്‍ ജയലളിത മരിച്ചതിനാല്‍ അവര്‍ക്കെതിരെയുള്ള എല്ലാ നടപടികളും റദ്ദാക്കി. എന്നാല്‍, ജയലളിത മരിച്ച സാഹചര്യത്തില്‍ മറ്റ് കുറ്റാരോപിതരായ ശശികല, വളര്ത്തുമകന് വി എന്‍ സുധാകരന്, ബന്ധു ജെ ഇളവരശി എന്നിവര്‍ക്കെതിരായ വിധിയാണ് ഇപ്പോള്‍ പ്രാബല്യത്തിലുള്ളത്

കേസില്‍ ആറുമാസം മുമ്പ് വാദം പൂര്‍ത്തിയാക്കിയശേഷം സുപ്രീംകോടതി വിധി പ്രഖ്യാപനം നീട്ടിവയ്ക്കുകയായിരുന്നു. മുന്‍ മുഖ്യമന്ത്രി ജയലളിത അന്തരിച്ചത് ഇക്കാലയളവിലാണ്. 1991-96 കാലയളവില്‍ ജയലളിത മുഖ്യമന്ത്രിയായിരിക്കെ കേസിലെ കുറ്റാരോപിതര്‍ 67 കോടിരൂപയുടെ അനധികൃതസ്വത്ത് സമ്പാദിച്ചെന്ന കേസിലാണ് വിധി.

1996-ല്‍ ബിജെപി നേതാവ് സുബ്രഹ്മണ്യന് സ്വാമിയാണ് കേസിനു തുടക്കമിട്ടത്. മുഖ്യമന്ത്രിയായിരിക്കെ ഒരു രൂപ മാത്രം ശമ്പളം വാങ്ങിയ ജയലളിത അഞ്ചു വര്‍ഷത്തിനുള്ളില്‍ അനധികൃതമായി സമ്പാദിച്ചത് 66 കോടിയിലേറെ രൂപ. അവരുടെ മരണശേഷം അനധികൃത സമ്പാദ്യങ്ങളേറെയും ശശികല കൈവശമാക്കിയെന്നാണ് സൂചന. കേസില്‍ ജയലളിതയും ശശികലയും കുറ്റക്കാരാണെന്നു വിചാരണക്കോടതി 2014-ല്‍ വിധിച്ചിരുന്നു. ഇതിനെതിരായ ഹര്‍ജിയില്‍ ഹൈക്കോടതി ഇരുവരെയും കുറ്റവിമുക്തരാക്കിയിരുന്നു. ഹൈക്കോടതി വിധിക്കെതിരെ കര്‍ണാടക സര്‍ക്കാര്‍ സമര്‍പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതി ഇന്നു അന്തിമവിധി പുറപ്പെടുവിച്ചത്.

