അണ്ടർ പാസുകൾക്കായി നിവേദനം നൽകി
കൊയിലാണ്ടി: അണ്ടർ പാസുകൾക്കായി നിവേദനം നൽകി. ദേശീയ പാത ആറ് വരിയായി വികസിപ്പിക്കുന്ന പ്രവൃത്തികൾ ആരംഭിച്ചിരിക്കെ അണ്ടർ പാസുകൾക്കായി കൊയിലാണ്ടി മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ നിന്നുയർന്ന ആവശ്യങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള നിവേദനം കാനത്തിൽ ജമീല എം.എൽ.എ നാഷണൽ ഹൈവെ അതോറ്റി ഓഫ് ഇന്ത്യ പ്രൊജക്ട് ഡയറക്ടർക്ക് കൈമാറി. ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സമിതി ചെയർമാൻ കെ.ബേബി സുന്ദർരാജും സന്നിഹിതനായിരുന്നു. ദേശീയപാത വരുന്നതോടെ നിലവിലുള്ള പല ടൗണുകളിലും ഹൈവെ ക്രോസ് ചെയ്യാൻ അണ്ടർ പാസുകൾക്കായി വിവിധ പ്രദേശങ്ങളിലെ ജനങ്ങൾ ആവശ്യമുന്നയിച്ചു വരികയാണ്.

ഈ കാര്യത്തിൽ നേരത്തെ തന്നെ എം.എൽ.എ ആവശ്യപ്പെട്ടതനുസരിച്ച് ജില്ലാ കലക്ടർ യോഗം വിളിച്ചു ചേർത്തിരുന്നു. ദേശീയപാത ഉദ്യോഗസ്ഥരും തദ്ദേശ സ്വയംഭരണ അധ്യക്ഷൻമാരും പങ്കെടുത്ത യോഗത്തിലും കാര്യങ്ങൾ ഉന്നയിച്ചിട്ടുണ്ട്. നിർമ്മാണ പ്രവർത്തനങ്ങൾ ഔദ്യോഗികമായി 3 ആഴ്ചകൾക്കുള്ളിൽ തന്നെ ആരംഭിക്കുമെന്നും അണ്ടർ പാസുകൾക്ക് വേണ്ടിയുള്ള ആവശ്യം അനുഭാവപൂർവ്വം പരിഗണിക്കുന്നുണ്ടെന്നും പ്രൊജക്ട് ഡയറക്ടർ അറിയിച്ചിട്ടുണ്ട്.


