അട്ടപ്പാടിയില്‍ അഞ്ചു വയസുകാരന് പനി ബാധിച്ച് മരിച്ചു

പാലക്കാട്: അട്ടപ്പാടി പുതൂര്‍ പഞ്ചായത്തിലെ അഞ്ചു വയസുകാരന് പനി മൂര്‍ച്ഛിച്ച് മരിച്ചു. പാലൂര് കുളപ്പടിക ഊരിലെ ശെല്‍വന്റെ മകന് രങ്കനാഥന് (അഞ്ച്) ആണ് മരിച്ചത്. പനി വര്‍ധിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലേയ്ക്ക് ബസില്‍ കൊണ്ടുപോകുന്ന വഴി ഛര്‍ദ്ദിച്ച് തളര്‍ന്നുവീഴുകയായിരുന്നു.
തുടര്‍ന്ന് ഓട്ടോയില്‍ കയറ്റി കൂക്കംപാളയത്തുള്ള സ്വകാര്യാശുപത്രിയിലേക്ക് പോകുന്നതിനിടെയാണ് മരിച്ചത്. പനി അധികമായതിനെ തുടര്‍ന്ന് ഫിക്സ് ഉണ്ടാകുകയും ഛര്‍ദി ആസ്പിരേറ്റ് ചെയ്തതുമാണ് മരണകാരണമെന്ന് അട്ടപ്പാടി ആരോഗ്യ നോഡല്‍ ഓഫീസര്‍ ഡോ. പ്രഭുദാസ് അറിയിച്ചു.

വെള്ളിയാഴ്ചയാണ് കുട്ടിക്ക് പനി തുടങ്ങിയത്. ശനിയാഴ്ച അഗളിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് മരുന്ന് വാങ്ങി. പനി അധികമായതിനാല്‍ അഡ്മിറ്റ് ചെയ്യണമെന്ന് ആശുപത്രി അധികൃതര്‍ ആവശ്യപ്പെട്ടെങ്കിലും ഞായറാഴ്ച വന്ന് അഡ്മിറ്റാകാമെന്ന് അറിയിച്ച് മടങ്ങുകയായിരുന്നു. പിന്നീട് തിങ്കളാഴ്ച രാവിലെ പനി കൂടുകയായിരുന്നു. പാലൂര് ഗവ.
യു.പി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിയാണ്. അമ്മ: കാളി. സഹോദരങ്ങള്‍: കാര്‍ത്തിക്, ഗായത്രി.

