KOYILANDY DIARY.COM

The Perfect News Portal

ഹോം നഴ്സിനെ മരിച്ച നിലയില്‍ കണ്ടെത്തി

വളാഞ്ചേരി: വൈക്കത്തൂരിലെ വാടക ക്വാര്‍ട്ടേഴ്സില്‍ തിരുവനന്തപുരം സ്വദേശിനിയായ ഹോം നഴ്സിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തിയതാകാമെന്നാണ് നിഗമനം. പീഡനശ്രമത്തിനിടെയാണ് കൃത്യം നടന്നതെന്ന് പൊലീസ് കരുതുന്നു. തിരുവനന്തപുരം പൂന്തുറ സ്വദേശി സൂഫിയ മന്‍സിലില്‍ റഫീഖിന്റെ ഭാര്യ നഫീസത്തിനെയാണ് (52) ചൊവ്വാഴ്ച മരിച്ച നിലയില്‍ കണ്ടെത്തിയത്.

നാല് ദിവസത്തോളം പഴക്കമുണ്ടായിരുന്ന മൃതദേഹം,​ മുറിക്കുള്ളില്‍ കട്ടിലില്‍ മലര്‍ന്നു കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. പുഴുവരിച്ച നിലയിലായിരുന്ന മൃതദേഹത്തിലെ വസ്ത്രം ഭാഗികമായി നീങ്ങിക്കിടന്നിരുന്നു. പൊന്നാനിയില്‍ താമസക്കാരനായ നഫീസത്തിന്റെ മകന്‍ ഷഫീഖ് ഇവരെ ഫോണില്‍ കിട്ടാഞ്ഞതിനെ തുടര്‍ന്ന് ചൊവ്വാഴ്ച ഉച്ചയോടെ താമസസ്ഥലത്ത് എത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. തുടര്‍ന്ന് നാട്ടുകാരെയും വളാഞ്ചേരി പൊലീസിനെയും വിവരമറിയിച്ചു. വാതിലുകള്‍ തുറന്നിട്ട നിലയിലായിരുന്നു. ടി.വിയും ലൈറ്റുകളുമെല്ലാം പ്രവര്‍ത്തിച്ചിരുന്നു.

തിരൂര്‍ ഡിവൈ.എസ്.പി. ജലീല്‍ തോട്ടത്തില്‍, വളാഞ്ചേരി എസ്.എച്ച്‌.ഒ. എം. മനോഹരന്‍, മലപ്പുറത്ത് നിന്നുള്ള ഫോറന്‍സിക്, വിരലടയാള വിദഗ്ദ്ധര്‍ എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. മരിച്ച നഫീസത്തുമായി ബന്ധമുള്ളവര്‍,​ നാട്ടുകാര്‍,​ ബന്ധുക്കള്‍ എന്നിവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *