ഹാർബർ പ്രോജക്ട് സബ് ഡിവിഷൻ ഓഫീസ് പ്രവർത്തനം നിർത്തലാക്കാനുള്ള നീക്കത്തിൽ തീരവാസികൾക്ക് ആശങ്ക
കൊയിലാണ്ടി: കൊയിലാണ്ടി ഫിഷിങ് ഹാർബർ പ്രോജക്ട് സബ് ഡിവിഷൻ ഓഫീസ് പ്രവർത്തനം നിർത്തലാക്കാനുള്ള നീക്കത്തിൽ തീരവാസികൾക്ക് ആശങ്ക. കൊയിലാണ്ടി ഹാർബർ നിർമാണത്തോടനുബന്ധിച്ച് 2006-ലാണ് മിനി സിവിൽസ്റ്റേഷന് സമീപം മുമ്പ് കുറ്റ്യാടി ജലസേചന വകുപ്പ് അസിസ്റ്റൻ്റ് എൻജിനിയറുടെ ഓഫീസായി പ്രവർത്തിച്ചിരുന്ന കെട്ടിടം ഹാർബർ എൻജിനിയറിങ് വകുപ്പിൻ്റെ പ്രോജക്ട് സബ് ഡിവിഷനായി പ്രവർത്തനം തുടങ്ങിയത്. എന്നാൽ ഹാർബർ നിർമാണം പൂർത്തിയാക്കി ഉദ്ഘാടനം ചെയ്തതിനെത്തുടർന്ന് ഇനി ഓഫീസ് കൊയിലാണ്ടിയിൽ തുടരേണ്ടതില്ലെന്ന നിഗമനത്തിലാണ് സർക്കാർ. ഇക്കാര്യം അറിയിച്ച് സർക്കാരിൽനിന്ന് കത്ത് വന്നിരുന്നു.

എന്നാൽ ഹാർബറിൽ ഇനിയും തുടർ വികസന പ്രവർത്തനങ്ങൾ നടത്തേണ്ടതിനാൽ സബ് ഡിവിഷൻ ഓഫീസ് ഇവിടെത്തന്നെ തുടരണമെന്നാണ് വിവിധ മേഖലകളിൽ നിന്ന് ആവശ്യമുയർന്നത്. ഇക്കാര്യം അറിഞ്ഞയുടൻ തന്നെ കാനത്തിൽ ജമീല എം.എൽ.എ. ഫിഷറീസ്, ഹാർബർ എൻജിനിയറിങ് വകുപ്പ് മന്ത്രി സജി ചെറിയാനുമായി സംസാരിച്ചിരുന്നു. ഓഫീസ് നിർത്താലാക്കാനുള്ള നടപടിയൊന്നും എടുത്തിട്ടില്ലെന്നാണ് മന്ത്രി അറിയിച്ചത്. കൊയിലാണ്ടിയിൽ ഹാർബർ നിർമാണത്തിനായി പ്രത്യേക ഓഫീസ് തുടങ്ങിയപ്പോൾ മറ്റ് ഹാർബർ എൻജിനിയറിങ് ഓഫീസിൽനിന്ന് ജീവനക്കാരെ പുനർവിന്യാസം നടത്തിയാണ് ഇവിടേക്ക് നിയമിച്ചത്.


അസിസ്റ്റൻ്റ് എക്സിക്യുട്ടീവ് എൻജിനിയർ, രണ്ട് അസിസ്റ്റൻ്റ് എൻജിനിയർമാർ, രണ്ട് ഓവർസിയർമാർ, കംപ്യൂട്ടർ അസിസ്റ്റൻ്റ്, ക്ലാർക്ക് തുടങ്ങിയവരാണ് ഇവിടെ ജീവനക്കാരായി ഉള്ളത്. ഹാർബറിൻ്റെ തുടർ വികസനത്തിനായി പ്രോജക്ട് റിപ്പോർട്ട് ഈ ഓഫീസ് കേന്ദ്രീകരിച്ച് തയ്യാറാക്കുന്നുണ്ട്. കൂടാതെ കുറ്റ്യാടി, പേരാമ്പ്ര, കൊയിലാണ്ടി, ബാലുശ്ശേരി മണ്ഡലത്തിലെ ഏതാനും റോഡുകളുടെ നിർമാണ ചുമതലയും ഹാർബർ എൻജിനിയറിങ് വകുപ്പിനാണ്. ഓഫീസ് പ്രവർത്തനം അവസാനിപ്പിച്ചാൽ തീരദേശമേഖലയിൽ ഭാവിയിൽവരേണ്ട ഒട്ടനവധി വികസന പ്രവർത്തനങ്ങളെ അത് ബാധിക്കുമെന്ന ആശങ്കയുണ്ട്. മാത്രവുമല്ല തിക്കോടി, കോരപ്പുഴ ഫിഷ് ലാൻഡിങ് സെന്ററുകളുടെ പ്രവർത്തനവും ഹാർബർ എൻജിനിയറിങ് ഓഫീസ് മുഖാന്തരമാണ് നടത്തേണ്ടത്. തീരദേശറോഡുകളുടെ നിർമാണവും ഉണ്ട്.


കേന്ദ്ര-സംസ്ഥാന സംയുക്തസംരഭമായ കൊയിലാണ്ടി ഹാർബർ 63.99 കോടിരൂപ ചെലവിലാണ് നിർമിച്ചത്. 2006-ൽ മുൻമുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ ശിലാസ്ഥാപനം നടത്തിയ ഹാർബർ നിർമാണം പൂർത്തിയാക്കാൻ 14 വർഷം എടുത്തു. കഴിഞ്ഞവർഷം ഒക്ടോബറിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഹാർബർ ഉദ്ഘാടനം ചെയ്തത്. പുലിമുട്ടുകളുടെ കാര്യത്തിൽ കേരളത്തിലെ തന്നെ വലിയ ഹാർബറുകളിലൊന്നാണ് കൊയിലാണ്ടിയിലേത്. തെക്ക് ഭാഗം പുലിമുട്ടിന് 915 മീറ്ററും വടക്കുഭാഗത്തിന് 1600 മീറ്ററും നീളമുണ്ട്. ഇതിനെല്ലാം മേൽനോട്ടം വഹിച്ചത് ഈ ഓഫീസാണ്.

