KOYILANDY DIARY.COM

The Perfect News Portal

ഹാൻവീവ് തൊഴിൽ ശാല അടച്ചുപൂട്ടിയിട്ട് മാസങ്ങൾ

കൊയിലാണ്ടി: കൊയിലാണ്ടിയിലെ ഹാൻവീവ് തൊഴിൽശാല അടച്ചുപൂട്ടിയിട്ട് മാസങ്ങൾ. ജോലിയില്ല, കൂലിയില്ല, ആനുകൂല്യങ്ങളൊന്നുമില്ല. നാൽപ്പത് തൊഴിലാളികൾ തൊഴിലെടുക്കുന്ന നെയ്ത്ത് കേന്ദ്രമാണ് മാസങ്ങളായി അടഞ്ഞുകിടക്കുന്നത്. ഹാൻവീവ് നൽകുന്ന നൂലു കൊണ്ട് തുണി നിർമിച്ചു നൽകലായിരുന്നു ഇവരുടെ ജോലി. സ്കൂൾ കുട്ടികൾക്കുള്ള യൂണിഫോം തുണി നെയ്തുകൊണ്ടിരിക്കെയാണ് പ്രതിസന്ധി വന്നത്.

കൊയിലാണ്ടി കേന്ദ്രത്തിൻ്റെ ചുമതല വഹിച്ചിരുന്നയാൾ പണി ഉപേക്ഷിച്ചു പോയെന്ന് തൊഴിലാളികൾ പറഞ്ഞു. അതോടെ പരാതി കേൾക്കാൻ പോലും ആളില്ലാത്ത സ്ഥിതിയായി.1977-ലാണ് കൊയിലാണ്ടി കേന്ദ്രം തുറന്നത്. തുടക്കത്തിൽ 50-പേരുണ്ടായിരുന്നു. 2017-ൽ തൊഴിലുറപ്പ് പദ്ധതിയിൽപ്പെടുത്തി ആനുകൂല്യം നൽകിയിരുന്നു. ആറുമാസം ഇത് തുടർന്നെങ്കിലും പിന്നീട് നിലച്ചു. യൂണിഫോം നെയ്ത്ത് വന്നതോടെ തൊഴിലിടത്തിന് വീണ്ടും ജീവൻ വെച്ചു. ഏറെക്കഴിയും മുമ്പെ അതും നിലച്ചു. ആൾപെരുമാറ്റം നിലച്ചതോടെ പഴകിയ വാടകക്കെട്ടിടത്തിന് ചുറ്റും മുൾച്ചെടികളും പുല്ലും വളർന്ന് വഴിയടഞ്ഞ സ്ഥിതിയിലാണ്.

നിലവിൽ ചെയർമാൻ പോലുമില്ലാത്ത ഹാൻവീവിൽ പരാതി പറയാൻ പോലുമാവാതെ കഴിയുകയാണ് തൊഴിലാളികൾ. വൻതോതിൽ ഉത്‌പന്നങ്ങൾ കെട്ടിക്കിടക്കുമ്പോഴും കോവിഡ് കാലത്ത് മറ്റ് മേഖലകൾക്ക് ലഭിച്ച പരിഗണനയൊന്നും ലഭിച്ചില്ലെന്ന് തൊഴിലാളികൾ പരാതിപ്പെടുന്നു. ചോറോട്, മടപ്പള്ളി കേന്ദ്രങ്ങളിലും സമാനസ്ഥിതിയാണുള്ളത്. പ്രായമുള്ള ആളുകൾ മാത്രമാണ് ഇപ്പോൾ ഈ തൊഴിൽ രംഗത്തുള്ളത്. യുവാക്കളാരുംതന്നെ ഇതിലേക്ക് കടന്നുവരുന്നില്ല.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *