KOYILANDY DIARY.COM

The Perfect News Portal

സ്ത്രീസുരക്ഷ കര്‍ശനമാക്കാന്‍ കേരള പോലീസിന്റെ പുതിയ പട്രോള്‍ സംഘം

സ്ത്രീകളെ പിന്തുടര്‍ന്ന് ശല്യം ചെയ്യുന്നവര്‍ ഇനി കുറച്ച്‌ സൂക്ഷിക്കുന്നത് നന്നാവും. നിങ്ങളെ പിന്തുടര്‍ന്ന് മറ്റൊരു ഈ സ്ത്രീ സംഘം വരുന്നുണ്ട്. ആരാണന്നല്ലെ, സ്ത്രീസുരക്ഷ കര്‍ശനമാക്കാന്‍ കേരള പോലീസിന്റെ പുതിയ പട്രോള്‍ സംഘം. പിങ്ക് പട്രോള്‍ എന്ന് പേരിട്ടിരിക്കുന്ന ഈ സംഘത്തില്‍ പൂര്‍ണമായും വനിതാ പോലീസ് ഓഫീസര്‍മാരാണുള്ളത്.

പിങ്ക് പട്രോള്‍ വാഹനങ്ങളുടെ ഫ്ളാഗ് ഓഫ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ കമല വിജയനും ചേര്‍ന്ന് നിര്‍വഹിച്ചതോടെ ഈ സംവിധാനം നിലവില്‍ വന്നു. ആദ്യഘട്ടത്തില്‍ തലസ്ഥാനത്ത് ഇതിനായി പ്രത്യേകം സജ്ജമാക്കിയ മൂന്ന് പട്രോള്‍ വാഹനങ്ങളാണ് നിലവില്‍ വന്നത്.

വരും ദിവസങ്ങളില്‍ ഇത് മറ്റു ജില്ലകളിലേക്ക് കൂടി വ്യാപിപ്പിക്കും. ജില്ലാപോലീസ് മേധാവിയുടെ നിയന്ത്രണത്തിലായിരിക്കും ഇതിന്റെ പ്രവര്‍ത്തനം.

Advertisements

സ്ത്രീകള്‍ക്ക് നേരെയുള്ള അക്രമങ്ങളെ സംബന്ധിച്ചും സുരക്ഷ സംബന്ധിച്ചും കണ്‍ട്രോള്‍ റൂമില്‍ ലഭിക്കുന്ന വിവരങ്ങള്‍ ഉടനടി പിങ്ക് പട്രോള്‍ വാഹനങ്ങള്‍ക്ക് കൈമാറുകയും തുടര്‍ന്ന് എത്രയും വേഗം പിങ്ക് പട്രോളിന്റെ സേവനം സംഭവസ്ഥലത്ത് ലഭ്യമാക്കുകയുമാണ് ഇത് കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ പറഞ്ഞു.

പിങ്ക് പട്രോള്‍ സഹായത്തിനും വിവരങ്ങള്‍ അറിയക്കുന്നതിനും 1515 എന്ന നമ്ബരിലേക്ക് വിളിക്കാവുന്നതാണ്. കണ്‍ട്രോള്‍ റൂം വാഹനം കഴിയുന്നത്ര വേഗം എത്തി സുരക്ഷാ നടപടികള്‍ സ്വീകരിക്കും.കൂടാതെ പൊതുസ്ഥലങ്ങളിലും സ്കൂള്‍, കോളേജ്, ഓഫീസുകള്‍ ലേഡീസ് ഹോസ്റ്റലുകള്‍, ആരാധനാലയങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളിലും ഈ സംഘം പട്രോളിങ് നടത്തും.

വിവിധ കേന്ദ്രങ്ങളില്‍ വ്യനിസിച്ചിരിക്കുന്ന പിങ്ക് ബീറ്റ് ഓഫീസര്‍മാര്‍ക്ക് ആവശ്യമായ സഹായങ്ങളും പിങ്ക് പട്രോള്‍ സംഘം നല്കും.

സ്ത്രീകളെയും പെണ്‍കുട്ടികളെയും പിന്തുടര്‍ന്ന് ശല്യം ചെയ്യല്‍, സ്കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ലഹരിമരുന്നിന്റെ വില്പ്പന തുടങ്ങിയവ തടയുന്നതിന് പിങ്ക് പട്രോള്‍ പ്രത്യേക ശ്രദ്ധ ചെലുത്തും. സ്ത്രീകളുടേയും കുട്ടികളുടേയും യാത്ര സുരക്ഷിതമാക്കുന്നതിനുള്ള നടപടികളും കൈക്കൊള്ളുമെന്ന് ഡി.ജി.പി അറിയിച്ചു.

വനിതാ പോലീസ് ഓഫീസര്‍മാര്‍ മാത്രം കൈകാര്യം ചെയ്യുന്ന പിങ്ക് പട്രോള്‍ സംഘത്തിന്റെ കാര്‍ അടിയന്തര സാഹചര്യങ്ങള്‍ നേരിടാനുള്ള ഉപകരണങ്ങളുമായാണ് പട്രോള്‍ നടത്തുക.

സി-ഡാക്കിന്റെ സാങ്കേതിക സഹായത്തോടെയാണ് പ്രവര്‍ത്തനം. ജിഐഎസ്-ജിപിഎസ് സംവിധാനം ഉപയോഗിച്ച്‌ പരാതി ലഭിച്ച സ്ഥലം കണ്ടെത്തി വേഗത്തില്‍ എത്തുന്നതിന് സഹായകമായ സോഫ്റ്റ്വെയറാണ് ഇതിനായി ഉപയോഗിക്കുന്നത്.

ഫ്ളാഗ് ഓഫ് ചടങ്ങില്‍ ഡിജിപി ലോകനാഥ് ബെഹ്റ, എ.ഡിജിപി മാരായ ഡോ. ബി.സന്ധ്യ, ആര്‍. ശ്രീലേഖ, ഐ.ജി മനോജ് എബ്രഹാം, മറ്റു ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ചലച്ചിത്രതാരം മംമ്ത മോഹന്‍ദാസ്, ബാസ്കറ്റ്ബോള്‍ താരം ദീപ അന്നാ ജോസ് എന്നിവര്‍ പങ്കെടുത്തു.

Share news