സ്കൂൾപറമ്പ് മാലിന്യ കേന്ദ്രമാക്കാനുള്ള നീക്കത്തിനെതിരെ നാട്ടുകാർ പ്രക്ഷോഭത്തിലേക്ക്

കൊയിലാണ്ടി: സ്കൂൾ പറമ്പ് മാലിന്യകേന്ദ്രമാക്കാനുള്ള മൂടാടി ഗ്രാമപഞ്ചായത്തിന്റെ നീക്കത്തിനെതിരെ നാട്ടുകാർ പ്രക്ഷോഭത്തിലേക്ക്. മൂടാടി ഹിൽ ബസാർമോവിലൂർ കുന്നിലെ പുറക്കാട് പാറക്കാട് ജി.എൽ.പി.സ്കൂളിന്റെ സ്ഥലമാണ് മാലിന്യ നിക്ഷേപ കേന്ദ്രമായി മാറ്റാൻ നീക്കം നടത്തുന്നത്. ജനങ്ങൾ തിങ്ങി പാർക്കുന്ന ഇവിടെ കുടിവെള്ള ടാങ്ക്, ലക്ഷം വീട് കോളനി, കോളേജ്, പ്രാഥമിക ആരോഗ്യ കേന്ദ്രം എന്നിവ സ്ഥിതി ചെയ്യുന്നതിനാൽ പരിസരവാസികൾക്ക് ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന് നാട്ടുകാർ പറയുന്നു.
യു.പി.സ്കൂളായി ഉയർത്തേണ്ട സ്കൂളിന്റെ സ്ഥലം വിട്ടുനൽകുന്നതിനെതിരെ നാട്ടുകാരിൽ ശക്തമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്. ജനകീയ സമിതി ഭാരവാഹികളായി. കെ.ടി.ഗോവിന്ദൻ (ചെയർമാൻ), ജാനകി അശോകൻ (വൈസ് ചെയർമാൻ), ബാബു ബോധി (ട്രഷറർ), സുബൈർ (കൺവീനർ), എൻ.വി.നാരായണൻ (ജോ. കൺവീനർ), തുടങ്ങിയവരെ തെരഞ്ഞെടുത്തു.

പി.കെ.ഗോപി, സുരേന്ദ്രൻ ശ്രീപത്മം, ചേനോത്ത് രാജൻ എന്നിവർ സംസാരിച്ചു. ആരോഗ്യ മന്ത്രിക്കും പരാതി നൽകുമെന്ന് ഭാരവാഹികൾ പറഞ്ഞു.

