KOYILANDY DIARY.COM

The Perfect News Portal

സോനമോളുടെ രോഗം സുഖപ്പെടുത്താന്‍ എല്ലാ നടപടികളും സ്വീകരിച്ചെന്ന് മന്ത്രി ശൈലജ ടീച്ചര്‍

തിരുവനന്തപുരം: സോനമോളുടെ അസുഖം എത്രയും വേഗം സുഖപ്പെടുത്താന്‍ ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി ശൈലജ ടീച്ചര്‍.

ശൈലജ ടീച്ചറുടെ വാക്കുകള്‍:

സോനമോളുടെ വാര്‍ത്ത അറിഞ്ഞതിനെ തുടര്‍ന്ന് ഇതില്‍ ഇടപെടുന്നതിനായി സോഷ്യല്‍ സെക്യൂരിറ്റി മിഷന്‍ എക്‌സി. ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീലിനെ ചുമതലപ്പെടുത്തി. ഡോക്ടര്‍ ഈ കാര്യത്തില്‍ വിശദമായി അന്വേഷണം നടത്തി റിപ്പോര്‍ട്ട് ചെയ്തു. ശേഷം കുട്ടിയുടെ അച്ചന്‍ ബാബുവുമായി ഫോണില്‍ സംസാരിച്ചു.

Advertisements

തൃശൂര്‍ മെഡിക്കല്‍ കോളേജ്, കോയമ്ബത്തൂര്‍ അരവിന്ദ് കണ്ണാശുപത്രി എന്നിവിടങ്ങളില്‍ നിന്നും കുട്ടിയുടെ രോഗവിവരങ്ങള്‍ ശേഖരിച്ചു. അപസ്മാര സംബന്ധമായ അസുഖത്തിനാണ് ജൂബിലി മെഡിക്കല്‍ കോളേജില്‍ എത്തിയത്. അവിടെ ചികിത്സ നടത്തുന്നതിനിടയില്‍ ടോക്‌സിക്ക് എപ്പിഡമോ നെക്രോലൈസിസ് എന്ന രോഗാവസ്ഥ ഉണ്ടായതിനെ തുടര്‍ന്നാണ് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയത്.

ശേഷം തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ശിശുരോഗ വിഭാഗത്തിന്റെ തലവന്‍ ഡോ: പുരുഷോത്തമന്റെ നേത്യത്വത്തില്‍ നടത്തിയ വിദഗ്ധ പരിശോധനയില്‍ നിന്നാണ് കണ്ണിനും രോഗം ബാധിച്ചതിച്ചിട്ടുണ്ടെന്ന് മനസിലാക്കിയത്. ഇതിനെ തുടര്‍ന്ന് കോയമ്ബത്തൂര്‍ അരവിന്ദ് കണ്ണാശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു.

അവിടെ നിന്ന് രണ്ട് തവണ കണ്ണിന് ശസ്ത്രക്രിയ നടത്തി. മൂന്നാമത്തെ ശസ്ത്രക്രിയക്കായി ഇന്ന് അഡ്മിറ്റ് ചെയ്യേണ്ടതായിരുന്നു. എന്നാല്‍ രക്ത പരിശോധനയില്‍ അണുബാധ കണ്ടതിനാല്‍ പെട്ടെന്ന് സര്‍ജറി സാധ്യമല്ലെന്ന് കോയമ്ബത്തൂര്‍ അരവിന്ദ് ആശുപത്രി അധികൃതര്‍ അറിയിച്ചു. അതിനാല്‍ തൃശൂര്‍ മെഡിക്കല്‍ കോളേജുമായി ബന്ധപ്പെട്ട് ചികിത്സ നടത്തുന്നതിനുള്ള ഏര്‍പ്പാട് ഉണ്ടാക്കി.

തൃശൂര്‍ മെഡിക്കല്‍ കോളേജിലും തുടര്‍ന്നും ചികിത്സക്ക് ആവശ്യമായ എസ്റ്റിമേറ്റ് അനുസരിച്ച്‌ കേരള സാമൂഹ്യ സുരക്ഷാ മിഷന്റെ വികെയര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചികിത്സ സര്‍ക്കാര്‍ ഏറ്റെടുക്കുന്നതാണ്.

കൂടുതല്‍ ചികിത്സാ ചിലവ് ആവശ്യമായി വരുന്ന അപൂര്‍വ രോഗങ്ങള്‍ക്കും ഇതു പോലുള്ള രോഗികള്‍ക്കും സര്‍ക്കാരിന്റെ പ്ലാന്‍ ഫണ്ട് തികയാത്തതിനാല്‍ സുമനസുകള്‍ നല്‍കുന്ന സംഭവനയും കമ്ബനികളുടെ പൊതു നന്മ ഫണ്ട് ഉപയോഗിച്ചാണ് വി കെയറില്‍ ഫണ്ട് സ്വരൂപിക്കുന്നത്.

സുതാര്യത ഇല്ലാതെ സ്വകാര്യ അക്കൗണ്ട് ആരംഭിച്ച്‌ ഓണ്‍ലൈനായി ഫണ്ട് പിരിവ് നടത്തുന്ന ചില സംഘടനകളും വ്യക്തികളും നമുക്ക് ചുറ്റും ഉണ്ട്. ഇതില്‍ നിന്ന് വ്യത്യസ്തമായി പൂര്‍ണമായും സുതാര്യവും, സര്‍ക്കാര്‍ നിരീക്ഷണത്തിലും നിയന്ത്രണത്തിലുമുള്ള ഫണ്ട് കളക്ഷനാണ് വി കെയറില്‍ നടക്കുന്നത്. ഇപ്പോള്‍ പരിമിതമായ ഫണ്ട് മാത്രമേ വി കെയറില്‍ ഉള്ളൂ. ഈ സര്‍ക്കാര്‍ വന്നതിന് ശേഷം എണ്ണൂറിലധികം പേര്‍ക്ക് വി കെയര്‍ വഴി സഹായം നല്‍കിയിട്ടുണ്ട്. കൂടുതല്‍ വിശദാംശങ്ങള്‍ ഈ ലിങ്കില്‍ ലഭ്യമാണ് ( http://donation.socialsecuritymission.gov.in )

സോനമോളുടെ അസുഖം എത്രയും വേഗം സുഖപ്പെടുത്താന്‍ ഉള്ള നടപടികളാണ് സര്‍ക്കാര്‍ എടുത്തിട്ടുള്ളത്. സോനമോളുടെ വിഷയം ശ്രദ്ധയില്‍പ്പെടുത്തിയ എല്ലാ സുമനസുകളേയും നന്ദിയറിയിക്കുന്നു. സര്‍ക്കാര്‍ ഒപ്പമുണ്ട്.

Share news

Leave a Reply

Your email address will not be published. Required fields are marked *