സിപിഐഎം കാസര്‍ഗോഡ് ജില്ലാ സമ്മേളനത്തിന് തുടക്കമായി

കാസര്‍ഗോഡ്: സിപിഐഎം കാസര്‍ഗോഡ് ജില്ലാ സമ്മേളനത്തിന് തുടക്കമായി. വിവി ദക്ഷിണാമൂര്‍ത്തി നഗറില്‍ മുതിര്‍ന്ന നേതാവും ജില്ലാ കമ്മിറ്റിയംഗവുമായ എകെ നാരായണന് പതാക ഉയര്‍ത്തി. തുടര്‍ന്ന് നടന്ന പ്രതിനിധി സമ്മേളനം സംസ്ഥാനസെക്രട്ടറി കൊടിയേരി ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്തു. മന്ത്രിമാരായ കെകെ ശൈലജ, എകെ ബാലന്, ടിപി രാമകൃഷണന്, കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്, കേന്ദ്രകമ്മറ്റി അംഗങ്ങളായ ഇപി ജയരാജന്, എളമരം കരീം, പി കരുണാകരന് എംപി, എംവി ഗോവിന്ദന് മാസ്റ്റര്‍ എന്നിവര്‍ പങ്കെടുത്തു.
തുടര്‍ച്ചയായി മൂന്ന് തവണ ജില്ലാ സെക്രട്ടറിയായ കെപി സതീഷ് ചന്ദ്രന് ഈ സമ്മേളനത്തോടെ സ്ഥാനമൊഴിയും. 12 ഏരിയ കമ്മിറ്റികളില്‍ നിന്നായി 290 പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. സമ്മേളനത്തില്‍ സിപിഐയിലേക്കുള്ള നേതാക്കളുടെയും പ്രവര്‍ത്തകരുടെയും കൊഴിഞ്ഞുപോക്ക് പ്രധാന ചര്‍ച്ചാ വിഷയമാകും. റവന്യു സംബന്ധമായ വിഷയങ്ങളില്‍ മന്ത്രി ഇ ചന്ദ്രശേഖരന് സ്വീകരിച്ച നിലപാടുകള്‍ക്കെതിരെ മന്ത്രിയുടെ ജില്ല എന്ന നിലയില്‍ കടുത്ത വിമര്‍ശനമുയരും.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ പി കരുണാകരന് എംപിയ്ക്ക് വോട്ടു കുറഞ്ഞ സാഹചര്യവും സമ്മേളനം വിലയിരുത്തും. അതേസമയം, എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കായുള്ള ധനസഹായം വിതരണം ചെയ്യുന്നതില്‍ സര്‍ക്കാര്‍ തുടരുന്ന അലംഭാവം സമ്മേളനത്തില്‍ ആക്ഷേപങ്ങള്‍ക്ക് വഴിവെയക്കും. ഇത് സംബസിച്ച് സുപ്രിം കോടതി സര്‍ക്കാരിനെതിരെ നേരത്തെ കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു.

പാര്‍ട്ടിക്ക് സ്വാധീനമില്ലാത്ത മഞ്ചേശ്വരം, കാസര്‍ഗോഡ് മണ്ഡലങ്ങളില്‍ സ്വീകരിക്കേണ്ട നയങ്ങളും സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യും. ചെര്‍ക്കളയില്‍ ബുധനാഴ്ച നടക്കുന്ന പൊതു സമ്മേളനത്തോടെയാണ് ജില്ലാ സമ്മേളനത്തിന് സമാപനം കുറിക്കുക.

