സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം വര്‍ധിപ്പിച്ചു; പുതുക്കിയ ശമ്പളം ഫിബ്രുവരി മുതല്‍
തിരുവനന്തപുരം: ശമ്പള കമ്മീഷന്‍ ശുപാര്‍ശകള്‍ ഭേദഗതികളോടെ അംഗീകരിച്ച് നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. മന്ത്രി സഭായോഗത്തിലാണ് ശമ്പള പരിഷ്കരണം അംഗീകരിച്ചത്. പുതുക്കിയ ശമ്പളവും അലവന്‍സും 2016 ഫിബ്രുവരി മാസം മുതല്‍ നല്‍കിത്തുടങ്ങും. 2014 ജൂലൈ മുതല്‍ മുന്‍കൂര്‍ പ്രാബല്യത്തോടെയാണ് ശമ്പള പരിഷ്കരണം. കുടിശ്ശികയുള്ള ശമ്ബളം രണ്ടുവര്‍ഷത്തിനുള്ളില്‍ ഗഡുക്കളായി കൊടുത്തു തീര്‍ക്കാനാണ് തീരുമാനം.
ശമ്പളപരിഷ്കരണത്തിലൂടെ 7222 കോടി രൂപയുടെ അധികബാധ്യത സര്‍ക്കാരിനുണ്ടാകും.പുതിയ ശമ്പള പരിഷ്ക്കരണം അനുസരിച്ച് ചുരുങ്ങിയ വര്‍ധന 2000 രൂപയും കൂടിയ വര്‍ധന 12000 രൂപയുമാണ്. ഇതോടെ സംസ്ഥാനസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ലഭിക്കുന്ന കുറഞ്ഞ ശമ്പളം 16500 രൂപയും കൂടിയത് 1,20000 രൂപയുമാകും.

സര്‍ക്കാര്‍ ജീവനക്കാരുടേതിന് ആനുപാതികമായി സര്‍വകലാശാല ജീവനക്കാരുടെയും ശമ്പളം പരിഷ്ക്കരിക്കും. സംസ്ഥാന സര്‍ക്കാരിന്റെ അധ്യാപക പാക്കേജ് റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. ഈ വര്‍ഷം 1:30, 1:35 അധ്യാപക വിദ്യാര്‍ഥി അനുപാതം സര്‍ക്കാര്‍ അംഗീകരിക്കും. അടുത്ത അധ്യയനവര്‍ഷം 1:45 ആയിരിക്കും അനുപാതമെന്നും മുഖ്യമന്ത്രി അറിയിച്ചു.

