സമ്പൂർണ്ണ ഹോംഷോപ്പ് ജില്ലയാകാനൊരുങ്ങി കോഴിക്കോട്

കൊയിലാണ്ടി: നിശബ്ദവിപ്ലവം പൂർത്തിയാക്കുന്നതിന്റെ അവസാനഘട്ട പ്രവർത്തനങ്ങളുടെ തിരക്കുകളിലാണ് കുടുംബശ്രീ കോഴിക്കോട് ജില്ലാ മിഷൻ. സമ്പൂർണ്ണ ഹോംഷോപ്പ് ജില്ലയാവുകയാണ് കോഴിക്കോട് . ഇത്തരമൊരു നേട്ടം കൈവരിക്കുന്ന ആദ്യത്തെ ജില്ലയായിരിക്കും കോഴിക്കോട്. ജില്ലയിലെ മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും മുഴുവൻ വാർഡുകളിലും ഹോംഷോപ്പുകൾ സജ്ജമായി കഴിഞ്ഞു.
ഫറോക്ക്, രാമനാട്ടുകര മുനിസിപ്പാലിറ്റികളിലും കോഴിക്കോട്, പേരാമ്പ്ര ബ്ലോക്കുകളിലും അവസാനഘട്ട പ്രവർത്തനങ്ങളിലാണ്.
2010 ജൂലൈ 29ന് കൊയിലാണ്ടിയിലാണ് ഹോംഷോപ്പ് പദ്ധതിയുടെ തുടക്കം. നാല് ഉൽപാദന യൂണിറ്റുകളും, 9 ഉൽപ്പന്നങ്ങളും 25 ഹോംഷോപ്പ് ഓണർമാരുമായി ഒമ്പത് വർഷങ്ങൾക്കു മുമ്പ് തുടങ്ങിയ ജൈത്രയാത്ര പത്താമത് വർഷത്തിലെത്തുമ്പോൾ 1500 ഓളം കുടുംബങ്ങൾക്ക് സ്ഥിരവരുമാനം ഉറപ്പുവരുത്തുന്ന ബൃഹത് സംരംഭമായി ഹോംഷോപ്പ്പദ്ധതി വളർന്നു കഴിഞ്ഞു. ഇന്ന് കോഴിക്കോട് ജില്ലയിലെ വിവിധ ഗ്രാമപഞ്ചായത്തുകളിലായി 42 കുടുംബശ്രീ വനിതാ ഉൽപ്പാദന യൂണിറ്റുകളും അവയോരോന്നും ഉൽപാദിപ്പിക്കുന്ന എൺപതിനടുത്ത് വ്യത്യസ്ത ഉൽപ്പന്നങ്ങളും വിപണന രംഗത്തുണ്ട്.
കുടുംബശ്രീ സംഘടനാസംവിധാനങ്ങൾ വഴി അപേക്ഷ ക്ഷണിച്ച്, അപേക്ഷകരിൽ നിന്നും ഇൻറർവ്യൂ നടത്തിയാണ് ഹോംഷോപ്പ് ഓണർമാരെ തെരഞ്ഞെടുക്കുന്നത്. ഒരാഴ്ചക്കാലത്തെ പരിശീലനം പൂർത്തിയാക്കിയാൽ ഓരോ വാർഡുകളിലും ഇവരെ നിയമിക്കുന്നു. ഇത്തരത്തിൽ പ്രവർത്തിക്കുന്ന ആയിരത്തിൽപരം ഹോംഷോപ്പ് ഓണർമാർ കുടുംബശ്രീ ഉൽപ്പന്നങ്ങളുമായി നിത്യേന വീടുകളിലെത്തുന്നു.
‘നല്ലത് വാങ്ങുക നന്മ ചെയ്യുക’ എന്ന സന്ദേശവുമായാണ് കുടുംബശ്രീ വനിതകൾ വീടുകൾ കയറുന്നത്. അങ്ങാടിയിൽ നിന്നും ലഭിക്കുന്ന മായം കലർന്നതും വിഷകരമായതുമായ ഉൽപ്പന്നങ്ങളെ ബഹിഷ്കരിച്ച്, കുടുംബശ്രീ വനിതകൾ നിർമ്മിക്കുന്ന തദ്ദേശീയ ഉൽപ്പന്നങ്ങളുടെ ഉപഭോഗം ശീലമാക്കുന്നതിലേക്ക് നമ്മുടെ നാട് മാറിക്കൊണ്ടിരിക്കുന്നതിൽ അതിയായ ആഹ്ളാദമുണ്ടെന്ന് ഹോംഷോപ്പ് പദ്ധതിക്ക് നേതൃത്വം നൽകുന്ന പ്രസാദ് കൈതക്കൽ പറഞ്ഞു.
വീടുകൾ കയറി വിപണനം നടത്തുന്ന ഷോപ്പ് ഓണർമാർക്ക് വേണ്ടി നിരവധി ക്ഷേമപദ്ധതികളും സാമൂഹ്യസുരക്ഷാ പദ്ധതികളും ഏർപ്പെടുത്താൻ കഴിഞ്ഞത് ഹോംഷോപ്പ് പദ്ധതിയുടെ പ്രത്യേകതയാണ്. പദ്ധതിയിൽ പ്രവർത്തിക്കുന്ന ഏതൊരാൾക്കും ചികിത്സാ ചെലവിലേക്കായി 500 രൂപ മുതൽ 5000 രൂപ വരെ ധനസഹായമായി ലഭിക്കുന്ന പദ്ധതിയാണ് ‘സ്നേഹനിധി’ ചികിത്സാസഹായ പദ്ധതി. ‘ശ്രീനിധി’ സമ്പാദ്യ പദ്ധതിയും കോൺട്രിബ്യൂട്ടറി പെൻഷൻ സ്കീമും ഹോംഷോപ്പ് പദ്ധതിയുടെ മാത്രം പ്രത്യേകതയാണ്. 150ഓളം പേർക്ക് കഴിഞ്ഞവർഷം പലിശരഹിത വായ്പ വഴി ഇരുചക്ര വാഹനങ്ങൾ നൽകുകയുണ്ടായി. എല്ലാവർക്കും യൂണിഫോമും യു ഐ ഡി കാർഡും സംസ്ഥാന മിഷൻ സൗജന്യമായി നൽകുന്നു. മാനേജ്മെൻറ് ടീമാണ് ബാഗ് സൗജന്യമായി നൽകുന്നത്.
ഹോംഷോപ്പ് പദ്ധതിയെ അടുത്തറിയുന്നതിനും പഠിക്കുന്നതിനുമായി നോർവേ ഓസ്ലെ സർവ്വകലാശാലയിൽ നിന്നുള്ള പഠന സംഘം, സിറ്റി യൂണിവേഴ്സിറ്റി ഓഫ് ന്യൂയോർക്കിൽ നിന്നുള്ള പഠനസംഘം പാറ്റ്നയിലെ ഡെവലപ്മെന്റ് മാനേജ്മെൻറ് ഇൻസ്റ്റിറ്റ്യൂട്ടിലെ (DMI) ഉദ്യോഗസ്ഥർ, മധ്യപ്രദേശ് ഭാരത് ഗ്യാൻ വിജ്ഞാൻ സമിതി പ്രവർത്തകർ, പുണെ പഠനസംഘം, ഗുഡല്ലുർ ജസ്റ്റ് ചെയ്ഞ്ച് പ്രവർത്തകർ ഹിമാചൽപ്രദേശ് പഠനസംഘം തുടങ്ങി ഇന്ത്യയിൽ നിന്നും വിദേശരാജ്യങ്ങളിൽ നിന്നുമടക്കം നിരവധി പഠനസംഘങ്ങൾ ഇതിനകം തന്നെ ജില്ലയിൽ എത്തിയിട്ടുണ്ട്.
അഞ്ചു പേർ ഉൾപ്പെട്ട ഒരു മാനേജ്മെന്റ് ടീം വ്യത്യസ്തമായ പ്രവർത്തനങ്ങളെ സവിശേഷമായി ഏകോപിപ്പിച്ച് നേതൃത്വം നൽകുന്നു എന്നുള്ളതാണ് കുടുംബശ്രീയുടെ മറ്റ് പദ്ധതികളിൽ നിന്നും ഹോംഷോപ്പ് പദ്ധതിയെ വ്യത്യസ്തമാക്കുന്നത്. പ്രസാദ് കൈതക്കൽ സെക്രട്ടറിയായും ഷീബ.സി പ്രസിഡണ്ടായും പ്രവർത്തിക്കുന്ന മാനേജ്മെൻറ് ടീമിൽ ഇന്ദിരാ.കെ, കാദർ വെള്ളിയൂർ, സതീശൻ.കെ തുടങ്ങിയവരും അംഗങ്ങളാണ്.
പദ്ധതിയുടെ വാർഷികാഘോഷവും ഓണാഘോഷവും അത്തപ്പൂമഴ എന്ന പേരിൽ 2019 സെപ്റ്റംബർ നാലിന് കാലത്ത് 10 മണി മുതൽ കൊയിലാണ്ടിയിൽ വെച്ച് നടക്കും. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എസ്.ഹരികിഷോർ ഐഎഎസ് പരിപാടി ഉദ്ഘാടനം ചെയ്യും. കലാപരിപാടികൾ, ഓണക്കോടി വിതരണം, പുരസ്കാരവിതരണങ്ങൾ, സമ്മാനവിതരണങ്ങൾ, ഓണസദ്യ തുടങ്ങിയവയാകും അത്തപ്പൂമഴയുടെ ഉള്ളടക്കം.
