സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ജില്ലകളില്‍ പോലീസ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു

കോഴിക്കോട്: അപ്രഖ്യാപിത ഹര്‍ത്താലിന്റെ മറവില്‍ അക്രമം നടന്ന സാഹചര്യത്തില്‍ സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് ജില്ലകളില്‍ പോലീസ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചത്. വടകര സബ് ഡിവിഷന്‍, കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ പരിധികളില്‍ നിരോധനാജ്ഞ തുടരുകയാണ്. ഇവിടെ വന്‍ പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.
സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കോഴിക്കോട് നഗരത്തില്‍ ഒരാഴ്ച്ചത്തേക്ക് പ്രതിഷേധ പരിപാടികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. പൊതുപരിപാടികള്‍ക്കും നഗരത്തില്‍ വിലക്കു തുടരുമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചു.

ആംഡ് റിസര്‍വ് ബറ്റാലിയന്‍ ഉള്‍പ്പെടെ നാല് കമ്ബനി പൊലീസിനെ അധികമായി നഗരത്തില്‍ വിന്യസിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ മലപ്പുറം എസ് പിയെ അസഭ്യം വിളിച്ചതിന് കോഴിക്കോട് ബാറിലെ അഭിഭാഷകനായ എന്‍ വി പി റഫീഖിനെതിരെ കോഴിക്കോട് ടൗണ്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

കത്വ സംഭവത്തെത്തുടര്‍ന്ന് വിവിധ സംഘടനകളുടെ പ്രതിഷേധം കോഴിക്കോട് നഗരത്തില്‍ നടന്നിരുന്നു. പ്രതിഷേധം വര്‍ഗീയ സംഘടനകള്‍ എറ്റെടുത്ത് ബോധപൂര്‍വം പ്രശ്നങ്ങള്‍ സൃഷ്ടിക്കാനുള്ള നീക്കം മുന്‍കൂട്ടി കണ്ടാണ് പോലീസ് കോഴിക്കോട് നഗരത്തിലുള്‍പ്പടെ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. നിരോധനാജ്ഞ നിലനില്‍ക്കുമ്ബോഴും ജനജീവിതം സാധാരണ നിലയിലാണ്.

